വിവാദമായ യൂറോപ്യൻ സൂപ്പർ ലീഗിൻ്റെ സ്ഥാപകരായ എഫ്സി ബാഴ്സലോണ, റയൽ മാഡ്രിഡ്, യുവൻ്റസ് എന്നീ ക്ലബുകൾക്കെതിരായ കേസ് പിൻവലിച്ച് യുവേഫ. മാഡ്രിഡ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. വിവരം യുവേഫ തന്നെ അറിയിച്ചു. യൂറോപ്പിലെ മുൻനിര ലീഗുകളിലെ പ്രധാനപ്പെട്ട 12 ക്ലബുകൾ ചേർന്നാണ് യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയം മുന്നോട്ടുവച്ചത്. (UEFA European Super League)
അതേസമയം, യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് ഇതുവരെ പിന്മാറാത്ത ക്ലബുകൾക്കെതിരെ നടപടിയെടുക്കുമെന്ന നിലപാടിൽ നിന്ന് നേരത്തെ തന്നെ യുവേഫ മലക്കം മറിഞ്ഞിരുന്നു. റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവൻ്റസ് എന്നീ ടീമുകൾക്കെതിരെ നടപടിയെടുക്കുമെന്നറിയിച്ച യുവേഫയാണ് പിന്നീട് നിലപാടിൽ നിന്ന് പിന്നാക്കം പോയത്. തത്കാലം ഈ ക്ലബുകൾക്കെതിരെ നടപടി എടുക്കേണ്ടതില്ല എന്നായിരുന്നു യുവേഫയുടെ തീരുമാനം.
വിവാദമായതിനു പിന്നാലെ ക്ലബുകൾ ഓരോന്നായി പിന്മാറി. എന്നാൽ, യുവൻ്റസ്, ബാഴ്സലോണ, റയൽ മാഡ്രിഡ് എന്നീ ടീമുകൾ പിന്മാറാൻ തയ്യാറായില്ല. തുടർന്ന് ഈ ടീമുകൾക്കെതിരെ നടപടി എടുക്കുമെന്ന് യുവേഫ പ്രഖ്യാപിച്ചു.
മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്സനൽ, ലിവർപൂൾ, ടോട്ടനം, ചെൽസി എന്നീ ക്ലബുകളാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് യൂറോപ്യൻ സൂപ്പർ ലീഗിനു പിന്തുണ നൽകിയത്. ഈ ക്ലബുകളെല്ലാം ലീഗിൽ നിന്ന് പിന്മാറി. മാഞ്ചസ്റ്റർ സിറ്റിയാണ് ആദ്യം പിന്മാറ്റം പ്രഖ്യാപിച്ചത്. പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡും പിന്തുണ പിൻവലിച്ചു. ലിവർപൂൾ, ആഴ്സണൽ, ടോട്ടനം, ചെൽസി എന്നിവർ യഥാക്രമം പിന്മാറി. പിന്നാലെ സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡ്, ഇറ്റാലിയൻ ക്ലബ് ഇൻ്റർ മിലാൻ എന്നീ ക്ലബുകളും പിന്തുണ പിൻവലിച്ചു. ഇതോടെ ലീഗ് നടക്കില്ലെന്ന് അധികൃതർ അറിയിച്ചു.
യൂറോപ്യൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട് കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ലീഗ്, ഫുട്ബോളിനെതിരായ യുദ്ധമാണെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവർക്കൊപ്പം പിഎസ്ജി താരം അൻഡർ ഹെരേര, മുൻ ആഴ്‌സണൽ താങ്ങളായ മെസ്യൂട് ഓസിൽ, ലൂക്കാസ് പൊഡോൾസ്കി, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ഗാരി നെവിൽ തുടങ്ങിയവരും യൂറോപ്യൻ സൂപ്പർ ലീഗിനെ എതിർത്ത് രംഗത്തെത്തി.