Kerala

പാർട്ടിയെ ശക്തിപ്പെടുത്തണം, ആരെയും ഇരുട്ടിൽ നിർത്തരുത്; രമേശ് ചെന്നിത്തല

കോൺഗ്രസ് ഒറ്റകെട്ടായി മുന്നോട്ട് പോകണമെന്ന് രമേശ് ചെന്നിത്തല. അതിനുള്ള സാഹചര്യം ഒരുക്കണമെന്ന് ഹൈക്കമാൻഡിനോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും ആരെയും ഇരുട്ടിൽ നിർത്തരുതെന്നും അദ്ദേഹം പറഞ്ഞു. വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും അനിവാര്യരായ നേതാക്കളാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. പാർട്ടിയെ ശക്തിപ്പെടുത്താൻ എല്ലാ സഹകരണങ്ങളും തനറെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ രമേശ് ചെന്നിത്തല പരിചയസമ്പന്നനായ നേതാവാണെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ അഭിപ്രായപ്പെട്ടു. പാർട്ടിയെ ശക്തിപ്പെടുത്താൻ രമേശ് ചെന്നിത്തലയുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം അനുനയ നീക്കവുമായി ഹൈക്കമാൻഡ് ചർച്ച നടത്തിയതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ വിഎം സുധീരൻ രംഗത്തെത്തി. താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് പുതിയ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. വലിയ പ്രതീക്ഷയോടെ ചുമതലയേറ്റ നേതൃത്വം തെറ്റായ ശൈലിയും അനഭിലഷണീയമായ പ്രവർത്തനവുമാണ് നടത്തുന്നതെന്നും പ്രതീക്ഷിച്ച പോലെ നന്നായില്ലെന്നും സുധീരൻ കുറ്റപ്പെടുത്തി. എഐസിസിയിൽ നിന്നും രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നുമുള്ള തന്റെ രാജികൾ നിലനിൽക്കുമെന്നും സുധീരൻ അറിയിച്ചു.

താനുമായി ചർച്ച നടത്തിയതിൽ ഹൈക്കമാൻഡിന് നന്ദി അറിയിക്കുന്നുവെന്നും തെറ്റായ നടപടി തിരുത്താൻ ഹൈക്കമാൻഡ് ഇടപെടൽ പ്രതീക്ഷിക്കുന്നുവെന്നും അതിനായി കാത്തിരിക്കുന്നുവെന്നും വി എം സുധീരൻ അഭിപ്രായപ്പെട്ടു. ഉചിതമായ പരിഹാരം ഉണ്ടാകുമോ എന്നതാണ് ഉറ്റുനോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വി എം സുധീരനുമായുള്ള കൂടിക്കാഴ്ച പോസിറ്റീവ് ആണെന്ന് താരിഖ് അൻവർ പ്രതികരിച്ചു. വി എം സുധീരൻ ഉന്നയിച്ച കാര്യങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും സുധീരന്റെ രാജി ഗുരുതര വിഷയമല്ലെന്നും താരിഖ് അൻവർ അഭിപ്രായപ്പെട്ടു .