തോറ്റമ്പിയിരുന്ന ആസ്‌ട്രേലിയ ഇപ്പോള്‍ വിജയപാതയിലാണ്. ഇന്ത്യക്കെതിരായ ടി20-ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തില്‍ അടുത്ത പരമ്പരക്കിറങ്ങിയ ആസ്‌ട്രേലിയക്ക് പിഴച്ചില്ല. പാകിസ്താനെതിരെ യു.എ.ഇയില്‍ നടക്കുന്ന പരമ്പരയും ആസ്‌ട്രേലിയ സ്വന്തമാക്കി(3-0). അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മൂന്നും ജയിച്ചാണ് കംഗാരുപ്പടയുടെ നേട്ടം.
ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് കളികളും തോറ്റ ആസ്‌ട്രേലിയ പിന്നീടുള്ള മൂന്ന് മത്സരങ്ങളും ജയിച്ചാണ് പരമ്പര സ്വന്തമാക്കിയിരുന്നത്. ഇതോടെ തുടര്‍ച്ചയായ ആറ് മത്സരങ്ങളാണ് ആസ്‌ട്രേലിയ ജയിക്കുന്നത്. പാകിസ്താനെതിരായ മൂന്നാം ഏകദിനം 80 റണ്‍സിനാണ് ആസ്‌ട്രേലിയ സ്വന്തമാക്കിയത്. ആരോണ്‍ ഫിഞ്ചിന്റെയും(90) ഗ്ലെന്‍ മാക്‌സ് വലിന്റെയും(71) പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിന്റെയും(47) ബലത്തില്‍ ആസ്‌ട്രേലിയ നേടിയത് 266.
267 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന്‍ 186 റണ്‍സിന് പുറത്താവുകയായിരുന്നു. ആഡം സാമ്പ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി പാറ്റ് കമ്മിന്‍സ് പിന്തുണകൊടുത്തു. ഇതില്‍ ഏറ്റവും ശ്രദ്ധേയ നീക്കം ആസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചില്‍ നിന്നായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ ഫിഞ്ചിന് ഹാട്രിക് സെഞ്ച്വറി നഷ്ടപ്പെട്ടത് പത്ത് റണ്‍സ് അകലെ. ഇതിലും സെഞ്ച്വറി നേടിയിരുന്നെങ്കില്‍ അത് റെക്കോര്‍ഡ് നേട്ടമായെനേ.
ആസ്‌ട്രേലിയക്കായി ഏകദിനത്തില്‍ ഹാട്രിക് സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോര്‍ഡായിരുന്നു ഫിഞ്ചിനെ കാത്തിരുന്നത്. 116,153 എന്നിങ്ങനെയായിരുന്നു ആദ്യ രണ്ട് കളിയിലെയും ഫിഞ്ചിന്റെ സ്‌കോറുകള്‍. ഇന്ത്യക്കെതിരെ ഫിഞ്ച് പരാജയപ്പെട്ടിരുന്നെങ്കിലും അവസാന ഏകദിനങ്ങളില്‍ ഫോമിലേക്കുള്ള സൂചന നല്‍കിയിരുന്നു.