നിഷ്കളങ്കമായ പെരുമാറ്റ രീതിയും, കുട്ടികളെ പോലെ കുസൃതിയും ഒളിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു വിഖ്യാത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അഥവാ ആരാധകരുടെ എസ്പിബി. അദ്ദേഹത്തോടൊപ്പം നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള വ്യക്തിയാണ് പ്രശസ്ത ഗായിക കെ.എസ് ചിത്ര. ഒരു സ്റ്റേജ് പരിപാടിക്കിടെ എസ്പിബിയുടെ തമാശയ്ക്കിരയായ കഥ അദ്ദേഹത്തിന്റെ ഓർമ ദിനത്തിൽ ട്വന്റിഫോറുമായി പങ്കുവയ്ക്കുകയാണ് ചിത്ര.
മലയാളവും തമിഴും ഉൾപ്പെടെ നിരവധി ഗാനങ്ങൾ എസ്പിബിക്കൊപപം ആലപിക്കുന്ന കേരളത്തിന് പുറത്തുള്ള സ്റ്റേജ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ചിത്ര. അന്ന് അടുത്തത് ഏത് പാട്ടാണ് പാടാൻ പോകുന്നതെന്ന് എസ്പിബി ചിത്രയോട് ചോദിച്ചു. അന്നത്തെ ഹിറ്റ് ഗാനമായ കളഭം തരാം എന്ന ഗാനമാണെന്ന് മറുപടിയായി സ്റ്റേജിൽ വച്ച് തന്നെ ചിത്ര പറഞ്ഞു. ഉടനെ എസ്പിബിയുടെ മറുപടി,’ ഇവിടെ വന്നിരിക്കുന്ന ഓഡിയൻസിൽ പലർക്കും മലയാളം അറിയില്ല, അതുകൊണ്ട് ഈ പാട്ടിന്റെ അർത്ഥം ഇംഗ്ലീഷിൽ പറഞ്ഞ് കൊടുക്കുമോ?’ ഇത് കേട്ട ചിത്ര ഒരു നിമിഷം സ്ഥംഭിച്ചുപോയി. കളഭത്തിന്റെ ഇംഗ്ലീഷ് എന്താണെന്നുള്ള ചിന്തകളും ആശങ്കകളും കാരണം ആകെ വെപ്രാളപ്പെട്ടുവെന്ന് ചിത്ര തന്നെ ട്വന്റിഫോറിനോട് പറഞ്ഞു. ചിത്രയുടെ മുഖം കണ്ട പ്രേക്ഷകരെല്ലാം അന്ന് ചിരിച്ചു. എസ്പിബി കാണികളെ രസിപ്പിക്കാൻ ഒപ്പിക്കുന്ന ഓരോ കാര്യങ്ങളാണ് അതെന്നും ബാക്ക് സ്റ്റേജിൽ വച്ച് അതൊരു തമാശയായിരുന്നുവെന്നും മറ്റൊന്നും വിചാരിക്കരുതെന്ന് എസ്പിബി പറഞ്ഞതായും ചിത്ര ഓർക്കുന്നു.
എസ്പിബിയുടെ തമാശകളുടെ ഇരയായിരുന്നു എന്നും ചിത്ര. ഒരിക്കൽ റെക്കോർഡിംഗ് സ്റ്റുഡിയോയിലും ചിത്രയ്ക്ക് ഇത്തരമൊരു അനുഭവം ഉണ്ടായിരുന്നു. എസ്പിബിയാണ് ചിത്രയ്ക്ക് അന്ന് പാട്ട് പറഞ്ഞ് കൊടുത്ത് , ഈണവും പഠിപ്പിച്ച് കൊടുത്തത്. ആദ്യം എസ്പിബി പല്ലവി പാടി. പിന്നീട് ചിത്രയുടെ ഊഴമായിരുന്നു. ചിത്ര പാടിയതോടെ എല്ലാവരും ചിരി തുടങ്ങി. തിരിഞ്ഞ് നോക്കിയപ്പോൾ എസ്പിബി അടക്കം തലകുത്തിയിരിന്ന് ചിരിക്കുകയായിരുന്നു. ചിത്ര പാടേണ്ട ഭാഗത്തെ വരികൾ ആരുമറിയാതെ എസ്പിബി മാറ്റിയെഴുതിയതാണ് കാരണം. മണ്ടൻ, ഫൂൾ എന്നൊക്കെ അർത്ഥം വരുന്ന വാക്കുകളാണ് എസ്പിബി ഈണത്തിനൊപ്പിച്ച് ചിത്രയ്ക്ക് എഴുതികൊടുത്തത്. ചിത്രയ്ക്ക് ഭാഷയറിയാത്തതുകൊണ്ട് അത് മനസിലായില്ല.
സംഗീതലോകം ഒരിക്കലും മറക്കില്ല എസ്പിബി എന്ന മൂന്നക്ഷരത്തെ. ഇന്ത്യന് സംഗീതത്തിന് നിർവചനം കുറിച്ച ആ അനുഗൃഹീത സ്വരധാര ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം.