തിരുവനന്തപുരം നഗരസഭയിലെ ഫണ്ട് തിരിമറിയിൽ അന്വേഷണം ആവശ്യപ്പെട്ട് കത്ത്. നേമം സോണൽ ഓഫീസിലെ തിരിമറി അന്വേഷിക്കണമെന്നാണ് ആവശ്യം. ഏഴ് ദിവസത്തിനകം വിശദീകരണം നൽകാൻ ആറ്റിപ്ര സോണൽ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നഷ്ടമായ തുക പ്രതികളായ ഉദ്യോഗസ്ഥരിൽ നിന്ന് തിരിച്ചു പിടിക്കാനാണ് നഗരസഭയുടെ തീരുമാനം. നഗരസഭയിൽ നിന്ന് 33.96 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് കണ്ടെത്തൽ.
അതേസമയം, തിരുവനന്തപുരം കോർപറേഷനിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാൻ തീരുമാനിച്ച് തിരുവനന്തപുരം നഗരസഭ. 33 ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തിയതിനെ തുടർന്ന് നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. നികുതിയിനത്തിൽ പിരിച്ചെടുത്ത ലക്ഷങ്ങളാണ് ബാങ്കിൽ നിക്ഷേപിക്കാതെ തിരിമറി നടത്തിയത്.
സംസ്ഥാന കൺകറന്റ് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്. നികുതി ഇനത്തിൽ ലഭിച്ച പണം ബാങ്കിൽ അടയ്ക്കാതെ തിരുവനന്തപുരം നഗരസഭയുടെ നാല് സോണൽ ഓഫിസിലെ ഉദ്യോഗസ്ഥരാണ് ലക്ഷങ്ങൾ തട്ടിയത്. 33.96 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തൽ. ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് നഗരസഭ. ഇത് സംബന്ധിച്ച് വിജിലൻസിന് നഗരസഭ പരാതി നൽകും.
ഉള്ളൂർ, നേമം, ആറ്റിപ്ര, ശ്രീകാര്യം സോണൽ ഓഫീസുകളിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.ഈ സോണൽ ഓഫിസുകളിൽ കൂടുതൽ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് നാലു ഉദ്യോഗസ്ഥരെ നഗരസഭ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.