India

രോഹിണി കോടതിയിലെ വെടിവെയ്പ്; സുരക്ഷാ വീഴ്ചയിൽ പ്രതിഷേധവുമായി അഭിഭാഷകർ

ഡൽഹി രോഹിണി കോടതിയിൽ വെടിവെയ്പുണ്ടായ സംഭവത്തിൽ പ്രതിഷേധവുമായി അഭിഭാഷകർ രംഗത്ത്. കോടതിയിലെ സുരക്ഷാ വീഴ്ചയെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് അഭിഭാഷകർ. സംഭവതി പ്രതിഷേധിച്ച് അഭ്യഭാഷകർ നാളെ ജോലിയിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ഡൽഹി ബാർ അസോസിയേഷൻ അറിയിച്ചു. കോടതികളിലെ സുരക്ഷാ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകരുടെ പ്രതിഷേധം.

കോടതിയിൽ മുൻപും സുരക്ഷാ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് അഭിഭാഷകർ ആരോപിച്ചു. കോടതിയിലുള്ള രണ്ട് സ്കാനറുകളും പ്രവർത്തിക്കുന്നില്ല. കോടതിയിൽ മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിച്ചിട്ടില്ലെന്നും തിരിച്ചറിയിൽ കാർഡുകൾ പരിശോധിക്കുന്നതിലും കോടതിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും അഭിഭാഷകർ പറഞ്ഞു.

ഡൽഹി രോഹിണി കോടതിയിൽ മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ നാല് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഗുണ്ട തലവൻ ഗോഗി അടക്കം നാല് പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയിൽ ഹാജരാക്കി വിചാണ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അക്രമത്തിൽ ആറ് പേർക്ക് വെടിയേറ്റു.

കോടതിയുടെ രണ്ടാം നിലയിലെ 207-ാം നമ്പർ മുറിയിലാണ് വെടിവെപ്പ് നടന്നത്. കൊടുംകുറ്റവാളി ജിതേന്ദർ ഗോഗിയുടെ വിചാരണ നടക്കുന്നതിനിടെ അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേർ കോടതിമുറിയിൽ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഡൽഹി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നോർത്തേൺ റേഞ്ച് ജോയിൻ്റ് കമ്മിഷണ‍ർക്കാണ് അന്വേഷണ ചുമതല.