സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും. ഇന്ന് രാവിലെ 9.40 നാണ് പരീക്ഷ തുടങ്ങുന്നത്. പരീക്ഷകൾ ഒക്ടോബർ 18 ന് അവസാനിക്കും. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഒക്ടോബർ 13 ന് അവസാനിക്കും. ( kerala plus one exam begins )
പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികളുടെ ടെംപറേച്ചർ പരിശോധിച്ച ശേഷമാണ് പരീക്ഷാ ഹാളിലേക്ക് കടത്തിവിട്ടത്. ടെംപറേച്ചർ ഉയർന്ന വിദ്യാർത്ഥികളെ പ്രത്യേകം ഇരുത്തും. വിദ്യാർത്ഥികളെല്ലാം മാസ്ക് ധരിച്ചിട്ടുണ്ടെന്നും, കൂട്ടംകൂടുന്നില്ലെന്നും അധ്യാപകർ ഉറപ്പാക്കും. ഒരു ബഞ്ചിൽ രണ്ട് പേർ എന്ന നിലയിലാണ് ക്രമീകരണം. ബെഞ്ച്, ഡെസ്ക് എന്നിവ സാനിറ്റൈസ് ചെയ്തതായി സ്കൂൾ അധികൃതരും വ്യക്തമാക്കി.
സുപ്രിംകോടതി വിധി അനുകൂലമായതിനെ തുടർന്നാണ് പ്ലസ് വൺ പരീക്ഷകൾ എത്രയും വേഗം നടത്താൻ സർക്കാർ തീരുമാനിച്ചത്. പരീക്ഷകൾക്കിടയിൽ ഒന്നു മുതൽ അഞ്ചു ദിവസം വരെ ഇടവേളകൾ ഉറപ്പാക്കിയാണ് ടൈം ടേബിളും പ്രസിദ്ധീകരിച്ചു. ദിവസവും രാവിലെയാണ് പരീക്ഷ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞിരുന്നു. പരീക്ഷയുടെ കാര്യത്തിൽ ആശങ്കവേണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
പ്രൈവറ്റ് കമ്പാർട്ട്മെന്റൽ,പുനഃപ്രവേശനം, ലാറ്ററൽ എൻട്രി,പ്രൈവറ്റ് ഫുൾ കോഴ്സ് എന്നീ വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കും ഈ വിഭാഗത്തിൽ ഇനിയും രജിസ്റ്റർ ചെയ്യേണ്ട വിദ്യാർഥികൾക്കുമായി പ്രത്യേകം പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള അലോട്ട്മെന്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്ന. അപേക്ഷിച്ചതിന്റെ പകുതി പേര് പോലും ആദ്യ അലോട്ട്മെന്റില്‍ ഇടം പിടിച്ചില്ല. വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയാത്തതും വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കി. ഇതോടെ സീറ്റ് ക്ഷാമം രൂക്ഷമാകുമെന്ന് ഉറപ്പായി. ആകെ 465219 പേരാണ് പ്ലസ് വണിനു അപേക്ഷിച്ചത്. ഇതില്‍ 2,18,418 പേരാണ് ആദ്യ അലോട്മെന്റില്‍ ഉള്‍പ്പെട്ടത്. മാനേജ്മെന്റ്, കമ്യൂണിറ്റി ക്വാട്ട മാത്രമാണ് ഇനിയുള്ള അലോട്ട്മെന്റില്‍ വരാനുള്ളത്. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ ബാച്ചുകള്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തവണ എ പ്ലസ് ഗ്രേഡ് ലഭിച്ചത്. ട്രയല്‍ അലോട്ട്മെന്റില്‍ തന്നെ എ പ്ലസ് നേടിയ പലര്‍ക്കും സീറ്റ് ലഭിച്ചിരുന്നില്ല. ഇതിനു പുറമെ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയാത്തതും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളേയും ആശങ്കയിലാക്കി. ചിലയിടങ്ങളില്‍ വെബ്സൈറ്റുകള്‍ ലഭിക്കാനും പ്രയാസം നേരിട്ടു. ലഭിച്ചിടത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ലോഗിന്‍ ചെയ്യാനും കഴിഞ്ഞില്ല. പുതിയ വ്യവസ്ഥപ്രകാരം ഓരോ കുട്ടിക്കും സ്കൂളില്‍ പ്രവേശനത്തിന് തീയതിയും സമയവും നിശ്ചയിച്ചിട്ടുണ്ട്. ലോഗിന്‍ ചെയ്താല്‍ മാത്രമേ ഏതു സ്കൂളിലാണ് പ്രവേശനമെന്നും എത്ര മണിക്ക് എത്തണമെന്നും വ്യക്തമാകുകയുള്ളൂ.