പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ സുപ്രിംകോടതിയില്‍ വാദം പൂര്‍ത്തിയായി. അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ആവശ്യത്തിലും, താഹ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലുമാണ് വാദം പൂര്‍ത്തിയായത്. എന്‍.ഐ.എയുടെയും പ്രതികളുടെയും വാദം കേട്ട ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് കേസില്‍ വിധി പറയാന്‍ മാറ്റി.
കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് അലന് ഷുഹൈബിനും, താഹ ഫസലിനും കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കി. എന്നാല്‍, അലന് ഷുഹൈബിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതി തയാറായില്ല. ഈ സാഹചര്യത്തിലാണ് എന്‍.ഐ.എ സുപ്രിംകോടതിയെ സമീപിച്ചത്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബര്‍ ഒന്നിനാണ് സി.പി.ഐ.എം പാര്‍ട്ടി അംഗങ്ങളായിരുന്ന അലനേയും താഹയേയും യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇരുവര്‍ക്കും എതിരെ യുഎപിഎ ചുമത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.