India

തെരഞ്ഞെടുപ്പ് അക്രമങ്ങളിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

തെരഞ്ഞെടുപ്പ് അക്രമങ്ങളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കൽക്കട്ട ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിനീത് ശരൺ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. (west bengal supreme court)

സിബിഐയിൽ നിന്ന് നീതിയുക്തമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്നാണ് പശ്ചിമ ബംഗാൾ സർക്കാരിന്റെ വാദം. കേന്ദ്രസർക്കാർ നിർദേശപ്രകാരമാണ് സിബിഐ പ്രവർത്തിക്കുന്നത്. തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കാനാണ് തിരക്കെന്നും ഹർജിയിൽ മമത സർക്കാർ ആരോപിച്ചു. തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും ബലാത്സംഗങ്ങളും സിബിഐ അന്വേഷിക്കണമെന്നായിരുന്നു കൽക്കട്ട ഹൈക്കോടതി ഉത്തരവ്. മറ്റ് അതിക്രമ സംഭവങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും ചുമതലപ്പെടുത്തിയിരുന്നു.

തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച ഏഴ് പേർ അറസ്റ്റിലായിരുന്നു. അക്രമങ്ങൾക്കിടെയുണ്ടായ കൊലപാതകക്കേസിൽ പ്രതിചേർത്താണ് സിബിഐ ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബംഗാളിലെ കൂച്ച് ബെഹാറിൽ വച്ചുണ്ടായ അക്രമങ്ങൾക്കിടെയായിരുന്നു കൊലപാതകം. ഹർധൻ റോയ് എന്നയാളാണ് കൊല്ലപ്പെട്ടത്.

തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട കൊലപാതകക്കേസുകളിൽ മറ്റ് നാല് പേരെക്കൂടി സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവർ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ്. ശനിയാഴ്ച ആയിരുന്നു അറസ്റ്റ്.