സാമൂഹ്യ സംഘര്‍ഷം ഇല്ലാതാക്കുന്നതിന് വേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വ രാഷ്ട്രീയ മത-സമുദായ നേതാക്കളുടെ യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി. എം സുധീരന്. പാലാ ബിഷപ്പിന്റെ പ്രസ്താവന വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിക്കണമെന്ന ആവശ്യവുമായി വി. എം സുധീരന് രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വി. എം സുധീരന് മുഖ്യമന്ത്രിക്ക് കത്തയച്ചു.
നാര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന് രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്ത് വ്യാജപ്രചരണം നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും വി. ഡി സതീശന് ആവശ്യപ്പെട്ടിരുന്നു.
പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. നിരവധി സംഘടനകളും പ്രമുഖരും വിഷയത്തില്‍ പിന്തുണയറിയിച്ചും എതിര്‍പ്പറിയിച്ചും ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.