തിരുവനന്തപുരത്ത് അതീവ സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ പറത്തിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഓപ്പറേഷന് ഉഡാന്‍ എന്നാണ് അന്വേഷണത്തിന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നവരോടും അതാത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം നല്കി. അന്വേഷണത്തിന് കേന്ദ്രസേനയുടെ സഹായം തേടിയതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. തീരദേശ റെയില്‍ പാതയ്ക്കായി സര്‍വേ നടത്തുന്ന ഏജന്‍സി ഉദ്യോഗസ്ഥരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.
എ.സി.പി ശംഖുമുഖത്തിന്റെ നേതൃത്വത്തിലാണ് പ്രത്യോക അന്വേഷണ സംഘമാണ് ഓപ്പറേഷന് ഉഡാന്‍ എന്ന പേരില്‍ ഡ്രോണിനെ കുറിച്ച് അന്വേഷണം നടത്തുന്നത്. എ.ഡി.ജി.പി ആശോക് യാദവ് എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ഇന്ന് രാവിലെ മുതല്‍ സംഘം അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്തെ ഡ്രോണ്‍ വില്‍പ്പനക്കാര്‍, ഉടമസ്ഥര്‍, ഓപ്പറേറ്റര്‍മാര്‍ എന്നിവങ്ങനെയുളളവരോട് അതാത് സറ്റേഷനുകളില്‍ ഇന്ന് വൈകുന്നേരത്തിനകം ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വ്യോമസേന, ഐ.എസ്.ആര്.ഒ എന്നിവിടങ്ങളിലെ സാങ്കേതിക വിദഗ്ധരുടെ സാഹയവും പൊലീസ് തേടിയിട്ടുണ്ട്.
നാല് ദിവസം മുമ്പ് കോവളം ഉള്‍പ്പെടുന്ന തീരദേശ മേഖലയിലാണ് ആദ്യം ഡ്രോണ്‍ കണ്ടെത്തിയത്. പരിശോധനയില്‍ ഡ്രോണ്‍ ആണെന്ന് പൊലീസിന് ഉറപ്പിക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഇന്നലെ പൊലീസ് ആസ്ഥാനത്തും പത്മനാഭസ്വാമി ക്ഷേത്ര പരിധിയിലും ഡ്രോണ്‍ കണ്ടു. സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് ഇത് കളിപ്പാട്ടമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തീരദേശ റെയില്‍ പാതയ്ക്കായി സര്‍വേ നടത്തുന്ന ഏജന്‍സി ഉദ്യോഗസ്ഥരെയും പൊലീസ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ വിളിപ്പിച്ചിട്ടുണ്ട്. ഡ്രോണ്‍ ഇവര്‍ സ്ഥിരമായി ഉപയോഗിച്ചു വരുന്നതിനാലാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത്.