Kerala

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്; നടപടി സുരക്ഷ കണക്കിലെടുത്തെന്ന് കര്‍ണാടക

അതിര്‍ത്തി കടന്നുള്ള യാത്രയ്ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തെന്ന് കര്‍ണാടക. അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേരള ഹൈക്കോടതിയില്‍ കര്‍ണാടകയുടെ സത്യവാങ്മൂലം.

ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റിന് പുറമേ ക്വാറന്റീനിലും കര്‍ണാടക വിട്ടുവീഴ്ചയില്ലെന്ന് അറിയിച്ചിരുന്നു. കേരളത്തിലെ കൊവിഡ് വര്‍ധിച്ച സാഹചര്യത്തിലാണ് കര്‍ണാടക യാത്രാ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. കേരളത്തില്‍ നിന്നെത്തുന്നവര്‍ ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ പോകണമെന്നായിരുന്നു നിര്‍ദേശം.

കഴിഞ്ഞയാഴ്ചയാണ് കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടക നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നത്. കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നടപ്പാക്കണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. ഇവരെ ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വിദഗ്ധ സമിതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

നിരവധി മലയാളികള്‍ വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുമായി കര്‍ണാടകയില്‍ പിടിയിലായ സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്. കേരളത്തില്‍ നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ കര്‍ണാടകയില്‍ പോസിറ്റീവാകുന്ന അവസ്ഥയില്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ അല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശയില്‍ പറയുന്നത്. കേരളത്തില്‍ നിന്നും എത്തുന്നവര്‍ ഏഴ് ദിവസത്തിന് ശേഷം നെഗറ്റീവ് ഫലം വരുന്നത് വരെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തുടരണമെന്നുമായിരുന്നു ശുപാര്‍ശ.