ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 53 പേര്‍ മരിച്ചത് ഡെങ്കി വ്യാപനത്തേതുടര്‍ന്നെന്ന് സംശയം. നിരവധി മരണം സ്ഥിരീകരിച്ചതോടെ യഥാർഥ മരണകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് യു.പി സർക്കാർ.
ഫിറോസാബാദ് മെഡിക്കൽ കോളജിൽ രോഗബാധിതരായ നിരവധി കുട്ടികൾ ചികിത്സയിലാണ്. ഇവരിൽ മിക്കവരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. ദിവസങ്ങളായി നീണ്ടുനിന്ന പനിയെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ ഭൂരിഭാഗത്തിനും വൈറല്‍ പനിയാണെന്നും ചിലര്‍ക്ക് പരിശോധനയില്‍ ഡെങ്കി സ്ഥിരീകരിച്ചുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
രോഗ വ്യാപനത്തെത്തുടർന്ന് സെപ്റ്റംബര്‍ ആറ് വരെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും അടച്ചിടാന്‍ ഉത്തരവായി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫിറോസാബാദ് സന്ദർശിച്ചിരുന്നു. മരണകാരണം സ്ഥിരീകരിക്കുന്നതിനായി അന്വേഷണ സമിതിയെ രൂപീകരിച്ചതായും യോഗി പറഞ്ഞു.