Kerala

താപനില ക്രമീകരിച്ചതിലെ വീഴ്ച; കോഴിക്കോട് ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിലെ 800 ഡോസ് കോവിഷീൽഡ് ഉപയോഗശൂന്യമായി

കോഴിക്കോട് ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചുവച്ച 800 ഡോസ് കോവിഷീൽഡ് വാക്സിൻ തണുത്തുറഞ്ഞ് ഉപയോഗശൂന്യമായി പോയി. താപനില ക്രമീകരിച്ചതിലെ വീഴ്ചയാണ് വാക്സിൻ പാഴാകാൻ കാരണം. ജീവനക്കാരുടെ വീഴ്ചയെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രണ്ട് ഡിഗ്രിക്കും എട്ട് ഡിഗ്രിക്കും ഇടയിലാണ് കോവിഷീൽഡ് വാക്സിൻ സൂക്ഷിക്കേണ്ടത്. എന്നാൽ മൈനസ് ഡിഗ്രിയിൽ ഫ്രീസറിൽ സൂക്ഷിച്ചതാണ് തണുത്തുറഞ്ഞ് പോകാൻ കാരണം. ഇതുമൂലം പെരുവയൽ, മാവൂർ , പെരുമണ്ണ പഞ്ചായത്തുകളിലെ വാക്സിൻ വിതരണം താളം തെറ്റി. എട്ടുലക്ഷം രൂപയോളം വില വരുന്ന വാക്സിനാണ് പാഴായത്. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി, മുസ്ലിം ലീഗ് പ്രവർത്തകർ രംഗത്തെത്തി. ചെറൂപ്പയിലെ സംഭവം സംസ്ഥാനത്തെ സീറോ വേസ്റ്റേജെന്ന പ്രചാരണത്തിന് കളങ്കമായെന്ന് ബിജെപി കുറ്റപ്പെടുത്തി.

അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സൗജന്യ വാക്സിൻ പാഴാക്കിയതിനെതിരെ മുസ്ലിം ലീഗ്, ബിജെപി പ്രവർത്തകർ ആശുപത്രി ഉപരോധിച്ചു.

ഇത്തരത്തിൽ ആസാമിലാണ് ഇതിന് മുൻപ് വാക്സിൻ പാഴായത്. ആയിരം ഡോസാണ് അവിടെ തണുത്തുറഞ്ഞ് പോയത്.