ചര്‍ച്ച് ആക്ടിന് പിന്നാലെ ഓര്‍ത്തഡോക്സ് യാക്കോബായ സഭാ തര്‍ക്കവും സര്‍ക്കാരിന് തലവേദനയാകുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇരു വിഭാഗവും നിലപാട് കടുപ്പിച്ചത് വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭകളുടെ പിന്തുണ ലഭിക്കുമോ എന്ന കാര്യത്തില്‍ ഇടത് മുന്നണിയും ആശങ്കയിലാണ്.
ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് ഇടഞ്ഞ് നില്‍ക്കുന്നത് സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് ഈ തര്‍ക്കം തീര്‍ക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി അടക്കം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് സഭാ തര്‍ക്കം വീണ്ടും രൂക്ഷമായിരിക്കുന്നത്. ഇരുവിഭാഗവും ശക്തമായ നിലപാടുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത് സര്‍ക്കാരിനും ഇടത് മുന്നണിക്കും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. കോട്ടയം, എറണാകുളം, പത്തനംതിട്ട മണ്ഡലങ്ങളില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് ഉറപ്പാണ്.
തെരഞ്ഞെടുപ്പിന് മുന്‍പ് ഒത്ത് തീര്‍പ്പ് ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ നടത്തിയ ശ്രമം വിജയം കണ്ടില്ല. ഈ സാഹചര്യത്തില്‍ വീണ്ടും ചില ശ്രമങ്ങള്‍ സജീവമായി സര്‍ക്കാര്‍ നടത്തുന്നുണ്ട്. വിധി അനുകൂലമാണെന്ന് പറഞ്ഞാണ് ഓര്‍ത്തഡോക്സ് വിഭാഗം ചര്‍ച്ചകള്‍ക്ക് വഴങ്ങാത്തത്. എന്നാല്‍ വിധിയെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നാണ് യാക്കോബായ വിഭാഗം പറയുന്നത്. ചര്‍ച്ച് ആക്ടിന് പിന്നാലെ പള്ളി തര്‍ക്കവും രൂക്ഷമായത് ഇടത് മുന്നണിക്ക് ലഭിക്കുന്ന ക്രൈസ്തവ സഭകളുടെ പിന്തുണ കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് മുതലെടുക്കാനുള്ള ശ്രമത്തിലാണ് എന്‍.ഡി.എയും യു.ഡി.എഫും.