ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയിലെ പാലിയേക്കര ടോള്‍ പിരിവിലൂടെ നടക്കുന്നത് വന്‍കൊള്ള. ടോള്‍ പിരിവ് അവസാനിക്കാന്‍ ഇനിയും 9 വര്‍ഷം ശേഷിക്കെ കമ്പനി തട്ടിയത് കോടികളാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. അങ്കമാലി മുതല്‍ മണ്ണുത്തി വരെയുള്ള പാത നാലു വരിയാക്കുന്നതിനുള്ള പദ്ധതിക്കു പിന്നിലും വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്.
2012 ഫ്രെബുവരി മുതലാണ് ഇടപ്പള്ളി – മണ്ണുത്തി ദേശീയ പാതയില്‍ ടോള്‍ പിരിക്കാന്‍ ആരംഭിച്ചത്. ഗുരുവായൂര്‍ ഇന്‍ഫ്രാ സ്ട്രെക്ചര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായുള്ള കരാര്‍ പ്രകാരം ആറ് മേല്‍പ്പാലങ്ങളും രണ്ട് അടിപ്പാതകളും നിര്‍മിച്ചതായാണ് ദേശീയ പാത അധികൃതര്‍ വ്യക്തമാകുന്നത്. ഇതില്‍ ഇടപ്പള്ളി മുതല്‍ അങ്കമാലി വരെയുള്ള നാലുവരി പാതയുടെ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയായിട്ടുമില്ല.
എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെന്നാണ്ദേശീയ പാത അതോറിറ്റി രേഖാ മൂലം അറിയിച്ചിരിക്കുന്നത്. 721.17 കോടി രൂപയാണ് ദേശീയ പാതയുടെ നിര്‍മ്മാണ ചെലവ്. ദേശീയപാത അതോറിറ്റിയില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖ പ്രകാരം 2018 ഡിസംബര്‍ വരെ പിരിച്ചെടുത്തത് 644,10,21,760 കോടി രൂപയാണ്. അതായത് ടോള്‍ പിരിവിന്റെ കാലാവധി ഇനിയും ഒമ്പത് വര്‍ഷം ബാക്കി നില്‍ക്കെ കമ്പനിക്ക് ഇതിനോടകം മുടക്കു മുതലിന്റെ ഭൂരിഭാഗവും തിരിച്ചുക്കിട്ടി.