കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം 13 ആയി. പതിനഞ്ച് അമേരിക്കൻ സൈനികർ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പരിക്കേറ്റു. അതേസമയം, സ്ഫോടനം നടത്തിയവരെ വേട്ടയാടി പിടികൂടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാദൗത്യം നിർത്തിവയ്ക്കില്ലെന്നും ബൈഡൻ അറിയിച്ചു. സംഭവത്തെ തുടർന്ന് കാബൂൾ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് വീണ്ടും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അമേരിക്ക.
കാബൂൾ വിമാനത്താവളത്തിലെ ആബെ ഗേറ്റിന് സമീപമാണ് ആദ്യ സ്ഫോടനം ഉണ്ടായത്. ഇത് മൂന്നാം തവണയാണ് വിമാനത്താവളത്തിന് പുറത്ത് സ്ഫോടനമുണ്ടാകുന്നത്. സ്‌ഫോടനത്തിൽ കുട്ടികളും താലിബാൻ തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് വിവരം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ.എസ്. സംഘടന ഏറ്റെടുത്തു. അമേരിക്കയെ ലക്ഷ്യം വച്ചാണ് സ്ഫോടനം നടത്തിയതെന്ന് പ്രസ്താവനയിലൂടെ അവർ അറിയിച്ചു.
അതേസമയം കാബൂളിലെ ഹമീദ് കർസായ് വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം ഉണ്ടായതിൽ അമേരിക്കയെ താലിബാൻ കുറ്റപ്പെടുത്തി. സ്ഫോടനമുണ്ടായത് അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുണ്ടായ സ്ഥലത്താണെന്ന് കുറ്റപ്പെടുത്തൽ.
വിമാനത്താവളത്തിന് സമീപത്ത് നിന്ന് ആളുകൾ മാറണമെന്നും അമേരിക്ക അറിയിച്ചു. ഐ.എസ് ആക്രമണമുണ്ടാകുമെന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു.