മത,സാമുദായിക സംഘടനകള്‍ക്ക് ആഴത്തില്‍ വേരോട്ടമുള്ള മണ്ണാണ് കോട്ടയത്തിന്റേത്. ശബരിമലയും ചര്‍ച്ച് ആക്ടും ചര്‍ച്ചകളില്‍ നിറയുമ്പോള്‍ മതസാമുദായിക സംഘനകളുടെ നിലപാടും നിര്‍ണ്ണായകമാകും. പിന്നാക്ക ദലിത് വിഭാഗങ്ങള്‍ക്കും ശക്തമായ സ്വാധീനം ചെലുത്താന്‍ കോട്ടയത്തെ മണ്ഡലത്തില്‍ സാധിക്കുമെന്നതാണ് വാസ്തവം.
ശബരിമല വിഷയത്തിന്റെ അലയൊലികള്‍തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന് കേള്‍ക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് കോട്ടയം. എന്‍.എസ്.എസിനും എസ്.എന്‍.ഡി.പിക്കും കാര്യമായ സ്വാധീനം കോട്ടയത്തുണ്ട്. ഇടതുപക്ഷവുമായി എന്‍.എസ്.എസ് നേതൃത്വം പരസ്യപ്പോരിലേക്ക് പോയത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയായേക്കാം. എന്നാല്‍ എസ്.എന്‍.ഡി.പിയെയും മറ്റ് വിഭാഗങ്ങളേയും കൂടെ നിര്‍ത്തി ഇതിന് പരിഹാരം കാണാനാകും സി.പി.എം ശ്രമിക്കുക. ശബരിമല ചര്‍ച്ചകള്‍ കെട്ടടങ്ങിയതിന് പിന്നാലെ ചര്‍ച്ച് ആക്ട് ക്രൈവസ്തവ സഭകള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നത് ഇടത് പക്ഷത്തിന് വലിയ വെല്ലുവിളിയാവുകയാണ്. സര്‍ക്കാരും സി.പി.എം സംസ്ഥാന സെക്രട്ടറിയും ബില്ല് നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും നിയമ പരിഷ്കരണ കമ്മീഷന്‍ നടത്തുന്ന നീക്കങ്ങള്‍ ക്രൈസ്തവ സഭകളെ ചൊടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാണിക്കുകയാണോ എന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ പ്രതിഷേധങ്ങള്‍ ശക്തമാക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ക്രൈസ്തവ സഭകളെ പിണക്കിയത് കോട്ടയത്ത് മാത്രമല്ല കേരളത്തിലുടനീളം ഇടത് പക്ഷത്തിന് തിരിച്ചടിയുണ്ടാക്കും.
ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ക്കും കത്തോലിക്ക വിഭാഗത്തിനും വലിയ സ്വാധീനം കോട്ടയം മണ്ഡലത്തിലുണ്ട്. കേരള കോണ്‍ഗ്രസും കോണ്‍ഗ്രസുമെല്ലാം ഉറ്റ് നോക്കുന്നതും ഈ വോട്ട് ബാങ്കില്‍ തന്നെയാണ്. ഇത്തവണ എന്‍.ഡി.എയുടേയും ബി.ജെ.പിയുടേയും നീക്കങ്ങളും ഇതേ വോട്ടുകളില്‍ കണ്ണ് വെച്ചാണ്. കേരള കോണ്‍ഗ്രസിന്റെ പി.സി തോമസിനോട് പ്രചരണം ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്കിയത്. ഒരേ സമയം ക്രൈസ്തവ ഹിന്ദുവോട്ടുകളുടെ നേടാന്‍ സാധിക്കുമെന്ന് കരുതി തന്നെയാണ്.