സംവിധായകൻ റോഷൻ ആൻഡ്രൂസും സിനിമ നിർമ്മാതാവ് ആൽവിൻ ആന്റണിയും തമ്മിലുള്ള തർക്കത്തിൽ മോഹൻലാലും മമ്മുട്ടിയും ഇടപെടുന്നു. നിർമ്മതാക്കളുടെ സംഘടയുടെ പ്രതിനിധികൾ ഇരുവരുമായി വിശദമായ ചർച്ച നടത്തി. അതേസമയം, റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നവരെല്ലാം ചേമ്പറുമായി ബന്ധപ്പെടണം എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ പുതിയ തീരുമാനം. നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ വീട്ടിൽ കയറി വീട്ടുകാരെ മർദിക്കുകയും ഭീഷണിപ്പെടുത്തിയെന്നും അൽവിനും അദ്ദേഹത്തിന്റെ ഭാര്യയും ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പതിനഞ്ചോളം വരുന്ന സംഘം രാത്രിയില്‍ വീട്ടിൽ കയറി മർദ്ദിച്ചെന്നായിരുന്നു പരാതി. എന്നാൽ പരാതി വ്യാജമാണെന്നും ആക്രമണത്തിനിരയായത് താൻ ആണെന്നുമായിരുന്നു റോഷൻ ആൻഡ്രൂസിന്റെ പ്രതികരണം. സഹസംവിധായികയായ ഒരു യുവതിയുമായി മകനുണ്ടായിരുന്ന സൗഹൃദം റോഷൻ ആൻഡ്രൂസിന് ഇഷ്ടപ്പെട്ടില്ല. ഇതേ തുടർന്നുള്ള വൈരാഗ്യമാണ് വീടുകയറിയുള്ള ആക്രമണത്തിന് കാരണമായതെന്നാണ് ആൽവിൻ ആന്‍റണി ആരോപിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുഹൃത്ത് നവാസുമൊത്ത് വീട്ടിലെത്തിയ റോഷൻ ആൻഡ്രൂസ് ആദ്യം ഭീഷണിപ്പെടുത്തി. ശേഷം പുറത്തു കാത്തുനിന്നിരുന്ന പതിനഞ്ചോളം വരുന്ന സംഘത്തെ വീട്ടിനുളളിലേക്ക് വിളിപ്പിച്ചു. തന്‍റെ സുഹൃത്തായ ഡോ. ബിനോയ് അടക്കമുളളവരെ മർദ്ദിച്ചുവെന്നും ആല്‍വിന്‍ ആന്റണി ആരോപിച്ചിരുന്നു.