Kerala

കാലടി സർവകലാശാല ഉത്തരക്കടലാസ് മോഷണം; ജാമ്യം തേടി പരീക്ഷാവിഭാഗം ചെയർമാൻ

കാലടി സർവകലാശാലയിലെ ഉത്തരക്കടലാസ് മോഷണത്തിൽ മുൻ കൂർ ജാമ്യം തേടി പരീക്ഷാവിഭാഗം ചെയർമാൻ ഡോ. കെ.എ. സംഗമേശൻ. മുൻ കൂർ ജാമ്യാപേക്ഷ സമർപ്പിച്ചത് എറണാകുളം ജില്ലാ സെക്ഷൻസ് കോടതിയിൽ. പൊലീസ് കള്ളക്കഥ ഉണ്ടാക്കി അറസ്റ്റിന് ശ്രമിക്കുന്നുവെന്ന് ജാമ്യാപേക്ഷയിൽ സംഗമേശൻ ചൂണ്ടിക്കാട്ടി.

ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ പരീക്ഷാവിഭാഗം ചെയർമാൻ ഡോ. കെ.എ. സംഗമേശന് പങ്കുണ്ടെന്ന് നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ. ഡോ. കെ.എ. സംഗമേശനെ കൂടാതെ, എച്ച്.ഓ.ഡിഅംബിക ദേവിക്കെതിരായിട്ടുള്ള ഒരു കൂട്ടം അധ്യാപകർ സംഭവത്തിന് പിന്നിലുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. നുണ പരിശോധനയ്ക്കു വിധേയമാക്കേണ്ടവരുടെ ലിസ്റ്റ് അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. ഇതിന് തൊട്ടു പിന്നാലെയാണ് ഡോ. കെ.എ. സംഗമേശൻ എറണാകുളം ജില്ലാ സെക്ഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്.

എറണാകുളം ജില്ല സെക്ഷൻസ് കോടതി ഇന്ന് സംഗമേശന്റെ ജാമ്യാപേക്ഷ പരിഗണിക്കും. തൻ സമർപ്പിച്ച ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെക്ഷൻസ് കോടതി തള്ളുകയാണെങ്കിൽ ഹൈകോടതിയെ സമീപിക്കാനാണ് സംഗമേശന്റെ തീരുമാനം. ഇത് സംബന്ധിച്ച് ഒരു തീരുമാനം ഉണ്ടാവുന്നത് വരെ ചോദ്യം ചെയ്യലിൽ നിന്ന് വിലക്കണമെന്ന് സംഗമേശൻ ആവശ്യപ്പെടുന്നുണ്ട്.

ഉത്തരക്കടലാസുകൾ മുഴുവൻ താൻ എച്ച്.ഓ.ഡി. അംബിക ദേവിയെ ഏൽപ്പിച്ചിരുന്നു, എച്ച്.ഓ.ഡി. അത് പരീക്ഷാ വിഭാഗത്തിലേക്ക് ഫോർവേഡ് ചെയ്ത തെളിവുകളും തന്റെ പക്കലുണ്ടെന്നാണ് സംഗമേശന്റെ വാദം. എന്നാൽ, അന്വേഷണ സംഘം സംഗമേശന്റെ വാദത്തെ തള്ളി കളഞ്ഞു. എച്ച്.ഓ.ഡി. ഒരു ഫോർവേഡ് ലെറ്റർ മാത്രമാണ് നൽകിയതെന്നും അതിന് ശേഷവും ഇത് കൈകാര്യം ചെയ്തത് സംഗമേശനും മറ്റ് അധ്യാപകരുമാണ്. അതിനാൽ ഇതൊരു മോഷണം തന്നെയാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.