രാജ്യത്ത് വീണ്ടും പാചകവാതക വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിൻ്റെ വിലയാണ് വർധിപ്പിച്ചിരിക്കുന്നത്. 25 രൂപ വർധിപ്പിച്ച് നിലവിൽ 866 രൂപ 50 പൈസയാണ് ഒരു സിലിണ്ടറിൻ്റെ പുതുക്കിയ വില. കഴിഞ്ഞ ജൂലൈയിലും ഗാർഹിക സിലിണ്ടറുകൾക്ക് വില വർധിപ്പിച്ചിരുന്നു. (lpg cylinder price hike)
വാണിജ്യ സിലിണ്ടറിൻ്റെ വിലയിൽ നാല് രൂപ കുറച്ചു. പുതുക്കിയ നിരക്ക് പ്രകാരം വാണിജ്യ സിലിണ്ടറിൻ്റെ വില 1619 രൂപയാണ്. ഈ മാസം രണ്ടിന് വാണിജ്യ സിലിണ്ടറിന് 73 രൂപ 50 പൈസ വർധിപ്പിച്ചിരുന്നു. വാണിജ്യ സിലിണ്ടറിന് ഈ വർഷം മാത്രം 303 രൂപയാണ് വർധിപ്പിച്ചത്. ജൂൺ മാസത്തിൽ വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില കുറച്ചിരുന്നു. 19 കിലോ തൂക്കമുള്ള സിലിണ്ടറിന് 122 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് ഡൽഹിയിലെ വില 1473 രൂപയിലേക്ക് എത്തിയിരുന്നു. മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ 1422, 1544, 1603 എന്നിങ്ങനെയായിരുന്നു അന്ന് വില.