കരിമ്പുകര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി ഇത്തവണയും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയങ്ങളിലൊന്നാണ്. കര്‍ഷകര്‍ക്കുള്ള കുടിശ്ശിക 10,000 കോടി കടന്നുവെന്നാണ് ഏറ്റവും പുതിയ കണക്ക്. വിളവെടുത്ത് ആറു മാസത്തിനകം കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്ന മോദിയുടെ വാഗ്ദാനം അഞ്ച് കൊല്ലമായിട്ടും നടപ്പാക്കാത്തതിലെ പ്രതിഷേധം കര്‍ഷകര്‍ക്കിടയില്‍ ശക്തമാണ്.
കരിമ്പു കര്‍ഷകരുടെ പ്രതിസന്ധികള്‍ക്ക് പ്രത്യേകിച്ച് ഒരു പരിഹാരവും യു.പിയിലെയോ കേന്ദ്രത്തിലെയോ സര്‍ക്കാറുകള്‍ക്ക് ഉണ്ടാക്കാനായിട്ടില്ല. കഴിഞ്ഞ സീസണില്‍ കൊയ്ത കരിമ്പിന്റെ വില ഇപ്പോഴും കൊടുത്തു തീര്‍ക്കാത്ത മില്ലുകളാണ് യു.പിയില്‍ അധികവും.
ലഖ്നൗവിലെ കരിമ്പ് കമ്മീഷണറുടെ ഓഫീസ് പുറത്തു വിട്ട ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് ഈ കുടിശ്ശിക 10,074.98 കോടി ആയി വര്‍ധിച്ചു. ക്വിന്റലിന് നേരത്തെ ഉണ്ടായിരുന്ന 275 രൂപടെ താങ്ങുവില ഈ വര്‍ഷം 315 ആക്കി വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും മില്ലുടമകള്‍ ഓരോ ട്രാക്ടറില്‍ നിന്നും ക്വിന്റലുകള്‍ അന്യായമായി വെട്ടിക്കുറക്കുകയാണെന്ന പരാതികള്‍ സംസ്ഥാനത്ത് വ്യാപകമാവുകയാണ്.