ഡി.സി.സി. ഭാരവാഹിപ്പട്ടികയിൽ അതൃപ്തിയറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചന നടന്നില്ലെന്ന് മുല്ലപ്പള്ളി ആരോപിച്ചു. പുനഃസംഘടനാ ചർച്ചയിൽ നിന്നും തന്നെ മാറ്റി നിർത്തിയെന്നും, മുൻ അദ്ധ്യക്ഷൻ എന്ന നിലയിൽ ഒരു വാക്ക് ചോദിച്ചില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഇന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.എ.സി.സി. അധ്യക്ഷൻ കെ. സുധാകരനും കേരളത്തിൽ നിന്നുള്ള പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ചത്. പട്ടിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപ് രാവിലെ 7.30ക്കാണ് കെ.സുധാകരൻ മുല്ലപ്പള്ളിയെ ഫോണിൽ വിളിച്ച് തങ്ങൾ പട്ടിക സമർപ്പിക്കയാണെന്നും ഏതെങ്കിലും പേരുകൾ നിർദേശിക്കാനുണ്ടോ എന്ന് ചോദിച്ചത്. പൊട്ടിത്തെറിച്ച് കൊണ്ടുള്ള പ്രതികരണമാണ് മുല്ലപ്പള്ളിയുടെ ഭാഗത്ത് നിന്നുണ്ടായത്.
മുൻ അധ്യക്ഷൻ എന്ന നിലയിൽ ഒരു വാക്ക് തന്നോട് ചോദിക്കണമായിരുന്നു, പട്ടിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപ് വിളിച്ചാണ് നിർദേശങ്ങൾ ചോദിക്കേണ്ടത്. മാനദണ്ഡങ്ങളും സംഘടനാ രീതിയും ഇതല്ല. കാര്യങ്ങൾ മനസിലാക്കി മുന്നോട്ട് പോകണമെന്ന ഒരു ഉപദേശവും കെ. സുധാകരന് മുല്ലപ്പള്ളി രാമചന്ദ്രൻ നൽകിയിട്ടുണ്ട്.
തന്നെ സുധാകരന് അപമാനിച്ചുവെന്നാണ് എ.കെ. ആന്റണി, താരിഖ് അൻവർ ഉലപ്പെടയുള്ള മുതിർന്ന നേതാക്കളോടും മുല്ലപ്പള്ളി അറിയിച്ചിരിക്കുന്നത്.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് കൃത്യമായ കൂടിയാലോചനകൾ നടന്നിട്ടില്ല എന്ന പരാതിയാണ് മുൻ കെ.പി.എ.സി.സി. അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.