കാലടി സംസ്‌കൃത സർവകലാശാലയിലെ ഉത്തര പേപ്പറുകൾ കാണാതായ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ്. ഉത്തരപേപ്പർ എടുത്ത് മാറ്റിയത് ജീവനക്കാരൻ. സംസ്‌കൃത വിഭാഗം മേധാവിയെ കുടുക്കാനാണ് ഉത്തരപേപ്പർ മോഷ്ടിച്ചതെന്നാണ് സൂചന. ഗൂഢാലോചനയിൽ കൂടുതൽ അധ്യാപകർക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരീക്ഷാ നടത്തിപ്പിലെ നാല് ജീവനക്കാരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനുള്ളവരുടെ പട്ടിക തയാറാക്കി ഇവർക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, നുണ പരിശോധനയ്ക്ക് തയാറല്ലായെന്ന് നാലു പേരും അറിയിച്ചിരുന്നു. കോടതിയിൽ ഇവരുടെ നുണ പരിശോധനയ്ക്കായുള്ള നടപടി ക്രമങ്ങൾക്ക് നോട്ടീസ് സമർപ്പിക്കാൻ തയാറെടുക്കുമ്പോഴായിരുന്നു കേസിൽ വഴിത്തിരിവുണ്ടായത്. ഇന്നലെ വൈകിട്ട് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് ലഭിച്ച വിവരം.
എന്നാൽ ആർക്ക് വേണ്ടിയാണ് ഈ ഉത്തരക്കടലാസുകൾ എടുത്ത് മാറ്റിയതെന്നതിനെ കുറിച്ചുള്ള വിവരം നൽകാൻ പ്രതി തയാറായിട്ടില്ല. ഇയാളെ ഇത് വരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല, എന്നാൽ പൊലീസ് നിരീക്ഷണത്തിലാണ്.
ഈ വിഷയത്തിൽ ഒരു ഗൂഢാലോചന നടന്നിട്ട് ഉണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന വിശദീകരണം. കുട്ടികളുടെ ഉത്തരക്കടലാസുകൾ ഉപയോഗിച്ച് അധ്യാപകർ തമ്മിലുള്ള വ്യക്തി വിരോധം തീർക്കാനുള്ള ഒരു ഇടപെടൽ നടന്നിരിക്കുന്നുവെന്ന് പൊലീസ് മനസ്സിലാക്കിയിരിക്കുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണ സംഘം അറിയിച്ചത്.