മലപ്പുറം പറപ്പൂര്‍ റൂറല്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നടപടിയുമായി ജോയിന്റ് രജിസ്ട്രാര്‍. ഒന്‍പത് കോടിയുടെ ബാങ്കിന്റെ ബാധ്യത ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് ഈടാക്കാനാണ് സഹകരണ വകുപ്പൊരുങ്ങുന്നത്. പണം അടയ്ക്കാന്‍ നിര്‍ദേശിച്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് നല്‍കിയ നോട്ടിസിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.
2019ലാണ് സിപിഐഎം നിയന്ത്രണത്തിലുള്ള ബാങ്കില്‍ ഒന്‍പത് കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസ് പുറത്തുവന്നത്. ബാങ്കില്‍ നടത്തിയ ഓഡിറ്റിംഗിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളായ ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് തിരൂരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്നത്.
ബാങ്കിന്റെ സാമ്പത്തിക ബാധ്യത ഉത്തരവാദികളായ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്നും ജീവനക്കാരായ പ്രതികളില്‍ നിന്നും ഈടാക്കാനാണ് നീക്കം. തുക അടയ്ക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് രജിസ്ട്രാര്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. ബാങ്കിലെ ജീവനക്കാരനായിരുന്ന ഒന്നാംപ്രതി അബ്ദുള്‍ ജബ്ബാല്‍, സെക്രട്ടറി പി കെ പ്രസന്നകുമാരി, സൊസൈറ്റി പ്രസിഡന്റ് എം മുഹമ്മദ്, വൈസ് പ്രസിഡന്റ് സി.കബീര്‍, സിപിഐഎം ജില്ലാ കമ്മിറ്റിയംഗം സോഫിയ എന്നിവരുള്‍പ്പെടെ പതിമൂന്ന് പേര്‍ക്കാണ് നോട്ടിസ് നല്‍കിയത്.
തുക അടയ്ക്കാത്ത പക്ഷം സര്‍ച്ചാര്‍ജ് അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും നോട്ടിസില്‍ പറയുന്നു.