India National

പാകിസ്താന്‍ ദേശീയദിനത്തില്‍ മോദിയുടെ ആശംസ; വസ്തുത വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ്


പാകിസ്താന്‍ ദേശീയദിനത്തില്‍ പ്രധാമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നോയെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്. മോദി ആശംസകള്‍ അറിയിച്ചുവെന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ട്വീറ്റിന് പിന്നലായാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ ഓഫീസില്‍ നടന്ന ആഘോഷങ്ങള്‍ ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു.

പാകിസ്താന്‍ ദിനാഘോഷം ബഹിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസയെ സംബന്ധിച്ച് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നോയെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ നരേന്ദ്രമോദി പാകിസ്താന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചതും, പഠാന്‍കോട്ടിലെ ആക്രമണത്തിന് പിന്നാലെ ഐ.എസ്.ഐ ഇന്ത്യയില്‍ അന്വേഷണത്തിനായി അനുവദിച്ചതടക്കമുള്ള കാര്യങ്ങളും ഓര്‍മ്മപ്പെടുത്തികൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം.

അതേസമയം ഇരട്ടത്താപ്പാണ് ബി.ജെ.പി കാണിക്കുന്നതെന്ന് മുന്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി പറഞ്ഞു. ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ ഓഫീസില്‍ അതിഥികളെ തടഞ്ഞിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ അയച്ചതിനെ മെഹബൂബ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പിലെ നേട്ടത്തിനായാണ് ബി.ജെ.പിയുടെ ശ്രമമെന്നും മെഹബൂബ കുറ്റപ്പെടുത്തി.