ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്റെ ആദ്യഘട്ട സമുദ്ര പരീക്ഷണം വിജയകരം. കപ്പല്‍ അടുത്തവര്‍ഷം ആഗസ്റ്റോടെ കമ്മീഷന് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഐഎന്‍എസ് വിക്രാന്ത് ആദ്യഘട്ട സമുദ്രപരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത് പ്രതിരോധ മേഖലയ്ക്ക് പുത്തനുണര്‍വാണ് ഉണ്ടാക്കിയത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഐഎന്‍എസ് വിക്രാന്ത് സമുദ്രപരീക്ഷണത്തിനായി പുറപ്പെട്ടത്. ആറ് നോട്ടിക്കല്‍ മൈല്‍ ദൂരം താണ്ടി കപ്പല്‍ തിരികെയെത്തിയതോടെ കൊച്ചി കപ്പല്‍ശാലയ്ക്കും ഇത് അഭിമാന നേട്ടം. കൊച്ചി കപ്പൽശാല അധികൃതരുടെയും നാവികസേനയുടെയും മേൽനോട്ടത്തിലായിരുന്നു യുദ്ധക്കപ്പലിൻ്റെ ഉൾക്കടലിലെ പരിശോധനകൾ. വേഗത കൂട്ടിയും കുറച്ചുമുള്ള പലതരം പരീക്ഷണങ്ങൾ ഉൾക്കടലിൽ നടന്നു.
2009ലാണ് കൊച്ചിന് കപ്പല്‍ശാലയില്‍ കപ്പലിന്റെ നിര്‍മാണം ആരംഭിച്ചത്. ഒരേസമയം ഹെലികോപ്റ്ററുകളെയും ഫൈറ്റർ വിമാനങ്ങളെയും വഹിക്കാൻ കഴിയുന്ന വിക്രാന്തിന് 28 മൈൽ വേഗതയും, 18 മൈൽ ക്രൂയിസിംഗ് വേഗതയും 7,500 മൈൽ ദൂരം പോകുവാനുള്ള ശേഷിയും ഉണ്ട്. ആത്മനിര്‍ഭര്‍ ഭാരത്, മെയ്ക്ക് ഇന്‍ ഇന്ത്യ എന്നിവയുടെ ഭാഗമായാണ് ഐഎന്‍എസ് വിക്രാന്ത് ഇന്ത്യയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. ആയുധങ്ങള്‍ ഘടിപ്പിച്ചുളള പരീക്ഷണങ്ങള്‍ ഉടൻ ഉണ്ടാകും.