സ്വന്തം പേരിനൊപ്പം അച്ഛന്റെ പേരു ചേർക്കുന്നതുപോലെ തന്നെ അമ്മയുടെ പേര് ചേർക്കാനും മക്കൾക്ക് അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. മകളുടെ പേരിനൊപ്പമുള്ള അമ്മയുടെ പേര് മാറ്റി തന്റെ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് ഒരു പിതാവ് നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു ഹെെക്കോടതി വിധി.
പിതാവിന്റെ പേര് മാത്രമേ കുട്ടികളുടെ പേരിനൊപ്പം ചേർക്കാൻ പാടുള്ളൂ എന്ന് നിർബന്ധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, കുട്ടിക്ക് പ്രായപൂർത്തിയാകാത്ത പശ്ചാത്തലത്തിൽ സ്വന്തം തീരുമാന പ്രകാരം പേരു മാറ്റാൻ കഴിയില്ലെന്നും ഹർജിക്കാരനുമായി അകന്നു കഴിയുന്ന ഭാര്യയാണ് പേരു മാറ്റിയതെന്നും അഭിഭാഷകൻ വാദിച്ചു.
എന്നാൽ അമ്മയുടെ പേര് ഒപ്പം ചേർക്കുന്നതാണ് പെൺകുട്ടിയുടെ താത്പര്യമെങ്കിൽ അതിൽ എന്താണ് പ്രശ്നമെന്ന് ജസ്റ്റിസ് രേഖാ പള്ളി ചോദിച്ചു.
കുട്ടിയുടെ പഴയപേരിൽ ഇൻഷുറൻസ് പോളിസി എടുത്തിട്ടുണ്ടെന്നും പേര് മാറ്റുന്നതിലൂടെ ഇൻഷുറൻസ് നടപടികൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും പിതാവ് വാദിച്ചു. എന്നാൽ ഇക്കാര്യങ്ങൾക്ക് സ്കൂളിനെ സമീപിക്കാനായിരുന്നു കോടതിയുടെ നിർദേശം.