India

രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ 50 കോടി പിന്നിട്ടു

രാജ്യത്ത് വിതരണം ചെയ്ത വാക്‌സിൻ ഡോസുകളുടെ എണ്ണം 50 കോടി പിന്നിട്ടുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഇന്നലെ വരെ വിതരണം ചെയ്തത് 50,03,48,866 ഡോസ് വാക്‌സിൻ. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങൾക്കും
ആരോഗ്യപ്രവർത്തകർക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും.

കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചു, വാക്സിനേഷനിൽ രാജ്യം 50 കോടി കടന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ, ആരോഗ്യ പ്രവർത്തകർക്ക് നന്ദി’, അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാവർക്കും വാക്സിൻ എന്ന ക്യാമ്പയിനിൽ കൂടി രാജ്യത്ത് 50 കോടി വാക്സിനേഷനുകൾ നടന്നു കഴിഞ്ഞു. 85 ദിവസത്തിനുള്ളിലാണ് രാജ്യത്ത്‌ ആദ്യ 10 കോടി വാക്സിനുകൾ നൽകിയത്. 10-20 കോടിയിലെത്താൻ 45 ദിവസമാണ് വേണ്ടി വന്നത്. 20-30 കോടിയിലെത്താൻ 29 ദിവസമെടുത്തു. 30-40 കോടിയിലെത്താൻ 29 ദിവസവും, 30-40 കോടിയിലെത്താൻ 24 ദിവസവുമെടുത്തു. എന്നാൽ 50 കോടി പ്രതിരോധ വാക്സിനുകളിലെത്താൻ വെറും 20 ദിവസം മാത്രമാണ് വേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷൻ ഡ്രൈവിൽ 18-44 വയസ്സിനിടയിലുള്ള 17,23,20,394 പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി, ആകെ 1,12,56,317 പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവിൽ രാജ്യത്ത് കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് എന്നീ വാക്സിൻ ഡോസുകളാണ് നൽകി വരുന്നത്. 2.30 കോടി കോവിഡ് വാക്സിൻ ഡോസുകൾ ഇനിയും വിവിധ സംസ്ഥാനങ്ങളുടെ കൈവശം ബാക്കിയുണ്ടെന്നും കേന്ദ്ര ആരോഗ്യവകുപ്പ് വ്യക്തമാക്കി.