പൊതുതെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നും രാഹുൽ
ഗാന്ധി മത്സരിക്കുമെന്നുള്ള ചർച്ചകൾ കോൺഗ്രസ് പാർട്ടിക്കകത്ത് നടന്നുകൊണ്ടിരിക്കെ, ഇത് സ്മൃതി ഇറാനിയുടെ വിജയമാണെന്ന് അവകാശപ്പെട്ട് ബി.ജെ.പി നേതാക്കൾ. അമേഠിയിലുള്ള മണ്ഡലത്തിൽ പരാജയം മുന്നിൽ കണ്ടാണ് രാഹുൽ വയനാട്ടിൽ വന്ന് മത്സരിക്കുന്നതെന്ന് സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ ഫെയ്സ്ബുക്കിൽ കുറിച്ചു.
അമേഠിയിൽ സ്മൃതി ഇറാനിയാണ് രാഹുലിനെതിരെയുള്ള ബി.ജെ.പി സ്ഥാനാർഥി. അമേഠിയിൽ പരാജയപ്പെടുമെന്ന് താൻ മാസങ്ങൾക്ക് മുന്നേ പറഞ്ഞപ്പോൾ ‘കമ്മികളും കൊങ്ങികളും’ (വാക്കുകള്‍ക്ക് സുരേന്ദ്രന് കടപ്പാട്) പരിഹസിച്ചെന്നും, എന്നാൽ ഇത് സത്യമായിരിക്കുകയാണെന്നുമാണ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പറഞ്ഞത്. രാഹുൽ സ്ഥാനാർഥിയാകുന്ന പക്ഷം ഇടതുമുന്നണി തങ്ങളുടെ സ്ഥാനാർഥിയെ പിൻവലിക്കുന്നതാണ് നല്ലതെന്നും സുരേന്ദ്രൻ പറഞ്ഞുവെച്ചിട്ടുണ്ട്.
ഇതേ അഭിപ്രായം ശോഭാ സുരേന്ദ്രനും പങ്കുവെച്ചു. സ്മൃതി ഇറാനിക്ക് പിറന്നാളാംശംസക്കൊപ്പം വിജയാശംസയും നേർന്നിട്ടുണ്ട് ശോഭ. നേരത്തെ ടി സിദ്ദീഖിനെ പരിഗണിച്ചിരുന്ന വയനാട്ടിൽ, വേണ്ടിവന്നാൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് കെ.പി.സി.സി അറിയിച്ചിരുന്നു.