ടോക്യോ ഒളിമ്പിക്സ് വനിതാ ഹോക്കി സെമിഫൈനലിലും ഇന്ത്യക്ക് പരാജയം. കരുത്തരായ അർജന്റീനയ്ക്കെതിരെയാണ് ഇന്ത്യ പരാജയപ്പെട്ടത്. കളിയിലുടനീളം ആഥിപത്യം പുലർത്തിയ ലാറ്റിനമേരിക്കൻ ടീം ഒന്നിനെതിരെ ഗോളുകൾക്ക് ഇന്ത്യയെ കീഴടക്കുകയായിരുന്നു. ക്യാപ്റ്റൻ നോയൽ ബാരിയോന്യുവോ അർജൻ്റീനയ്ക്കായി ഇരട്ട ഗോൾ നേടി. ഗുർജിത് കൗർ ആണ് ഇന്ത്യയുടെ ആശ്വാസ ഗോൾ ഗോൾ നേടിയത്. (womens hockey india lost)
ഒരു ഗോളിനു മുന്നിൽ നിന്നതിനു ശേഷമാണ് ഇന്ത്യ മത്സരം പരാജയപ്പെട്ടത്. കളി തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ ഇന്ത്യ മുന്നിലെത്തി. പെനൽറ്റി കോർണറിൽ നിന്ന് ഗുർജിത് കൗർ ആണ് ഇന്ത്യക്കായി സ്കോർ ചെയ്തത്. സാവധാനം കളി പിടിച്ച അർജൻ്റീന പിന്നീട് മത്സരത്തിലുടനീളം ഇന്ത്യയെ വിറപ്പിച്ചു. ഇടത് പാർശ്വത്തിലൂടെ ആക്രമണങ്ങൾ മെനഞ്ഞ അർജൻ്റീനയെ പലപ്പോഴും ഇന്ത്യ പണിപ്പെട്ടാണ് പിടിച്ചുനിർത്തിയത്. 18ആം മിനിട്ടിൽ പെനൽറ്റി കോർണറിലൂടെ അർജൻ്റീന സമനില പിടിച്ചു. 36ആം മിനിട്ടിൽ ലഭിച്ച മറ്റൊരു പെനൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് അർജൻ്റീന കളിയിൽ ലീഡെടുത്തു. അവസാന ക്വാർട്ടറിൽ ഇന്ത്യ സമനിലക്കായി പൊരുതിയെങ്കിലും അർജൻ്റൈൻ പ്രതിരോധം വഴങ്ങിയില്ല. അവസാന പത്ത് മിനിട്ടുകളിൽ രണ്ട് അസാമാന്യ സേവുകൾ നടത്തിയ അർജൻ്റൈൻ ഗോൾ കീപ്പർ ബെലൻ സുച്ചിയും ഇന്ത്യൻ ആക്രമണങ്ങളെ തടഞ്ഞുനിർത്തി.