കോതമംഗലം ദന്ത ഡോക്ടറുടെ കൊലപാതകത്തിൽ തോക്കിൻ്റെ ഉറവിടം കണ്ടെത്താൻ അന്വേഷണ സംഘം ഇന്ന് ബീഹാറിലേക്ക് പുറപ്പെടും. കോതമംഗലം എസ്.ഐ.യുടെ നേതൃത്വത്തിൽ നാല് പേരടങ്ങുന്ന സംഘമാണ് ബീഹാറിലേക്ക് പുറപ്പെടുന്നത്. രഗിലിൻ്റെ സുഹൃത്ത് ആദിത്യനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘം പുറപ്പെടുന്നത്.
കോതമംഗലം നെല്ലിക്കുഴി ഇന്ദിര ഗാന്ധി ഡെന്റൽ കോളജിലെ ഹൗസ് സർജൻ മാനസയെ കൊലപ്പെടുത്താൻ രഗിൽ ഉപയോഗിച്ചത് ബീഹാറിൽ നിന്നുള്ള തോക്ക് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. രഗിലിൻ്റ സുഹൃത്ത് ആദിത്യനെ ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തോക്കിൻറെ ഉറവിടം കണ്ടെത്താൻ അന്വേഷണ സംഘം ഇന്നു വൈകുന്നേരം ബീഹാറിലേക്ക് പുറപ്പെടും. 7.62mm പിസ്റ്റൽ ബിഹാറിലെ ഉൾനാടൻ പ്രദേശങ്ങളിൽ വലിയ പ്രയാസമില്ലാതെ ലഭിക്കുന്നതായാണ് വിവരം. എന്നാൽ രഗിലിന് തോക്ക് കൈക്കലാക്കാൻ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കും.
ഇതിനായി രഗിലിൻ്റെ സുഹൃത്ത് ആദിത്യനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. കൂടാതെ മാനസയുടെ കോളജിലെ സുഹൃത്തുക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.