India

ഉത്തരേന്ത്യയിൽ കനത്തമഴ തുടരുന്നു; മധ്യപ്രദേശിൽ 6 മരണം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്തമഴ തുടരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഉത്തർപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

കനത്ത മഴയെ തുടർന്ന് ഇന്നലെ വീടുകൾ തകർന്ന് മധ്യപ്രദേശിൽ 6 പേര് മരിച്ചു, നാല് പേർക്ക് പരുക്കേറ്റു. രേവ ജില്ലയിലെ നാല് പേരും സിംഗ്രൗലി ജില്ലയിലെ 2 പേരുമാണ് മരിച്ചത്. കനത്ത മഴയിൽ റോഡുകൾ തകർന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. സിംഗ്രൗലി ജില്ലയിൽ നിരവധി വീടുകൾ തകർന്നു. ഭോപ്പാൽ, രേവ, സിദ്ധി,സാഹ, സത്ന തുടങ്ങിയ 16 ജില്ലകളിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

കനത്ത മഴയിൽ രാജസ്ഥാൻ ജോധ്പൂർ ഡിവിഷനിൽ റെയിൽ പാളം ഒലിച്ചു പോയി. റോഡുകളും തകർന്നു. പശ്ചിമബംഗാൾ, ജമ്മു കാശ്മീർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ മഴ തുടരുകയാണ്.

കർണാടകയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 660 കോടിരൂപ സർക്കാർ അനുവദിച്ചു.