Kerala

എറണാകുളത്തെ എല്‍ഡിസി ഒഴിവുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം; ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടല്‍

എറണാകുളത്തെ വിവിധ വകുപ്പുകളിലെ എല്‍ഡിസി ഒഴിവുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പിഎസ്‌സിയോട് ഹൈക്കോടതി. ഒഴിവുകള്‍ പിഎസ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് (psc vacancies)ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എറണാകുളം ജില്ലയിലെ എല്‍ഡിസി ഒഴിവുകള്‍ ജില്ലാ പിഎസ്‌സി ഓഫിസറെ അറിയിക്കണം. ഓഗസ്റ്റ് രണ്ടിന് മുന്‍പ് ഒഴിവുകളെല്ലാം റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. വിവിധ വകുപ്പ് മേധാവികളോടാണ് കോടതി നിര്‍ദേശം നല്‍കിയത്.

അതിനിടെ എല്‍ജിഎസ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിറക്കി. റാങ്ക് ലിസ്റ്റ് നീട്ടുമ്പോള്‍ കുറഞ്ഞത് മൂന്നുമാസത്തേക്കായിരിക്കണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ്. നേരത്തെ കാലാവധി നീട്ടിയപ്പോള്‍ ഇത്രയും ദിവസത്തെ ആനുകൂല്യം ലഭിച്ചില്ലെന്ന റാങ്ക് ഹോള്‍ഡേഴ്സിന്റെ വാദം അംഗീകരിച്ചാണ് ഇടക്കാല വിധി. സെപ്റ്റംബര്‍ 29 വരെ ഇതിന്റെ ആനുകൂല്യം ലഭിക്കും. ഒരിക്കല്‍ നീട്ടിയ ലിസ്റ്റുകളുടെ കാലാവധി ഇനി നീട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വിഷയത്തില്‍ നിയമവശം പരിശോധിച്ചു നടപടിയെടുക്കുമെന്ന് പിഎസ്സി അറിയിച്ചു. അതേസമയം സെക്രട്ടറിയേറ്റിനു മുന്നില്‍ എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ് സമരം തുടരുകയാണ്.
റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
എല്‍ഡിസി, എല്‍ജിഎസ് ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് 3നാണ് അവസാനിക്കുന്നത്. പുതിയ റാങ്ക് ലിസ്റ്റുകള്‍ നിലവില്‍ വരുന്നത് വരെ ഇപ്പോഴത്തെ പട്ടികകളുടെ കാലാവധി നീട്ടണമെന്നായിരുന്നു ആവശ്യം.