Kerala

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; അഡോണ ഹോം നഴ്‌സിംഗ് സര്‍വീസിനെതിരെ പരാതി

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. മൂവാറ്റുപുഴ അടൂപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഡോണ ഹോം നഴ്‌സിംഗ് സര്‍വീസിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ( money fraud ) ഒന്നരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

2020 ഫെബ്രുവരിയിലാണ് പോളണ്ടില്‍ സെയില്‍സ്മാനേജരുടെ ജോലിക്കായി തൊടുപുഴ സ്വദേശി എബിന്‍ ഒരു ലക്ഷം രൂപ അഡോണ ഹോം നഴ്‌സിംഗ് സര്‍വീസിന് നല്‍കിയത്. എട്ടുമാസത്തിനുള്ളില്‍ ജോലി ലഭിക്കുമെന്നായിരുന്നു സ്ഥാപന ഉടമയായ ഷാജി വി എസിന്റെ വാഗ്ദാനം. എന്നാല്‍ ഒരുമാസം പിന്നിട്ടിട്ടും ജോലിയുമില്ല, നല്‍കിയ തുകയും നഷ്ടമായി. ലോക്ക്ഡൗണിനെ തുടര്‍ന്നുള്ള പ്രതിസന്ധി വിദേശയാത്രയ്ക്ക് തടസമെന്നായിരുന്നു സ്ഥാപന ഉടമയുടെ വിശദീകരണം. എന്നാല്‍ കൃത്യമായ ആസൂത്രണം തട്ടിപ്പിന് പിന്നില്‍ നടന്നിട്ടുണ്ടെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. 58 പേര്‍ ഇതിനോടകം സ്ഥാപനത്തിനെതിരെ മുഖ്യമന്ത്രി, ഡിജിപി, ആലുവ റൂറല്‍ എസ്പി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കിടപ്പാടം പണയപ്പെടുത്തിയും ലോണെടുത്തുമാണ് പലരും വിദേശത്ത് ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ പണം നല്‍കി കബളിപ്പിക്കപ്പെട്ടത്.