കെപിസിസി അംഗവും നിയമസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന പാളയം പ്രദീപിനും കുടുംബത്തിനും നേരെ വധ ഭീഷണി. കൊലപ്പെടുത്തി കത്തിച്ചുകളയുമെന്നാണ് ഭീഷണി. രമ്യ ഹരിദാസ് എംപിയെയും അധിക്ഷേപിക്കുന്നതായിരുന്നു ഫോൺകോൾ.
കഴിഞ്ഞ ദിവസം പാലക്കാട്ടെ ഹോട്ടലിൽ നടന്ന സംഭവവികാസങ്ങളുടെ തുടർച്ചയായാണ് ഫോൺ വിളിയെന്നാണ് സൂചന. ആലത്തൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണംതുടങ്ങി. കോഴിക്കോട് സ്വദേശിയായ ശ്രീകേഷ് എന്നയാളാണ് ഫോൺ വിളിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കൊവിഡ് മാനദണ്ഡം ലംഘിച്ച് രമ്യ ഹരിദാസ് എം.പി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഹോട്ടലിൽ ഇരുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മ്യ ഹരിദാസ്, വി. ടി ബൽറാം, റിയാസ് മുക്കോളി എന്നിവർ ഹോട്ടലിൽ ഭക്ഷണത്തിന് കാത്തിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഹോട്ടലിൽ കയറിയത് പാഴ്‌സലിന് വേണ്ടിയെന്നാണ് നേതാക്കളുടെ വിശദീകരണം.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല. ഇതാണ് എം.പി അടക്കമുള്ളവർ ലംഘിച്ചിരിക്കുന്നത്. രമ്യ ഹരിദാസ് ഉൾപ്പെടെയുള്ള നേതാക്കൾ മേശയ്ക്ക് ചുറ്റും ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സുൽത്താൻ പേട്ട് സ്വദേശിയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതെന്നാണ് വിവരം. താങ്കൾ എംപിയല്ലേയെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനുള്ള ഉത്തരവാദിത്തം താങ്കൾക്കില്ലേയെന്നും വിഡിയോ പകർത്തിയ ആൾ ചോദിക്കുന്നു. പാഴ്‌സൽ വാങ്ങാനെത്തിയതാണെന്നായിരുന്നു രമ്യ ഹരിദാസിന്റെ മറുപടി. പാഴ്‌സൽ വാങ്ങാൻ പോകുന്ന താൻ അടക്കമുള്ള സാധാരണക്കാരെ പുറത്താണ് നിർത്തുന്നതെന്നും എന്തുകൊണ്ടാണ് ഇവർക്ക് ഈ ഇളവ് നൽകിയതെന്നും യുവാവ് ചോദിക്കുന്നുണ്ട്. കയ്യാങ്കളിയിലാണ് സംഭവം അവസാനിക്കുന്നത്.
തുടർന്ന് സംഭവത്തിൽ വിശദീകരണവുമായി രമ്യ ഹരിദാസ് രംഗത്തെത്തി. മഴയായതിനാലാണ് ഹോട്ടലിൽ കയറിയതെന്ന് എംപി പറഞ്ഞു. ഭക്ഷണം ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. പാഴ്‌സലിനായി കാത്തുനിൽക്കുകയായിരുന്നെന്നും രമ്യ വ്യക്തമാക്കി.
‘കാലിന് പരുക്കുള്ളതിനാലാണ് മഴ ഉള്ള സ്ഥലത്തിരിക്കാതെ ഹോട്ടലിലെ ചേട്ടൻ ഉള്ളിലേക്ക് കസേരയിട്ട് തന്നത്. അവിടെ പാഴ്‌സൽ പറഞ്ഞിരിക്കുന്ന സമയത്താണ് ഒരു പയ്യൻ വന്നത്. എംപി അല്ല പ്രധാനമന്ത്രിയായാലും പാഴ്‌സൽ വാങ്ങിക്കാൻ പുറത്ത് മഴയാണെങ്കിലും അവിടെ നിന്നാൽ മതിയെന്ന് പറഞ്ഞാണ് വാക്കുതർക്കം ഉണ്ടാകുന്നത്. തട്ടിക്കയറി വളരെ മോശമായ രീതിയിലേക്ക് പോയി. കടക്കാരനോടും തട്ടിക്കേറി. ഹോട്ടലിലെ ചേട്ടനും കാലിന് പരുക്കുള്ളതിനാലാണ് ഉള്ളിൽ കയറിയതെന്ന് പറഞ്ഞിരുന്നു.’ രമ്യ ട്വന്റിഫോറിനോട് പറഞ്ഞു.