Education Kerala

ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌പെഷ്യല്‍ ഫീസ് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം; വ്യാപക പ്രതിഷേധം

ഹയര്‍സെക്കന്‍ഡറി അധ്യയന വര്‍ഷം അവസാനിച്ചിട്ടും പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്പെഷ്യല്‍ ഫീസ് വാങ്ങാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. കലാ, കായിക മേളകളുള്‍പ്പെടെ നടത്താനാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് തുക ഈടാക്കുന്നത്. തുക പിരിച്ചില്ലെങ്കില്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറികളിലെ പ്രധാനാധ്യാപകര്‍. സ്‌പെഷ്യല്‍ ഫീസ് ഗൂഗിള്‍ പേ ചെയ്ത് സ്‌ക്രീന്‍ ഷോട്ട് എടുത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇടാനും രക്ഷിതാക്കളുടെ പേരും നല്‍കാനും അധ്യാപിക പറയുന്ന സന്ദേശവും പുറത്തായി.

സയന്‍സ് വിഭാഗത്തിലുളളവര്‍ക്ക് 530 രൂപ, കൊമേഴ്സിന് 380 രൂപ, ഹ്യുമാനിറ്റീസില്‍ 280 എന്നിങ്ങനെയാണ് പണം ആവശ്യപ്പെടുന്നത്. പണം എത്രയും പെട്ടെന്ന് സ്‌കൂളില്‍ കെട്ടണമെന്നാണ് അധ്യാപകര്‍ നല്‍കുന്ന നിര്‍ദേശം. മേളകളൊന്നും നടന്നിട്ടില്ലെന്നിരിക്കെ സ്പെഷ്യല്‍ ഫീസ് ഈടാക്കരുതെന്നാണ് വിദ്യാര്‍ത്ഥിസംഘടനകള്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നത്. കൊവിഡ് സാഹചര്യത്തില്‍ വരുമാനം നന്നേ ഇല്ലാതായ രക്ഷിതാക്കളും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പ്രതിഷേധത്തിലാണ്. സംഭവത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ലെന്നാണ് പ്രധാനാധ്യാപകര്‍ തന്നെ പറയുന്നത്. തുക ഈടാക്കേണ്ടതുണ്ടോ എന്ന വിവരാവകാശ ചോദ്യത്തിന് തല്‍സ്ഥിതി തുടരാനാണ് വകുപ്പ് നല്‍കിയ നിര്‍ദേശം. സംസ്ഥാനത്തെ അന്‍പത് ശതമാനം സ്‌കൂളുകളിലും തുക വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കി കഴിഞ്ഞു. പ്രതിസന്ധികാലത്ത് നടത്താത്ത മേളകള്‍ക്കും ക്ലബ്ബ് ആക്ടിവിറ്റികള്‍ക്കുമായി ആവശ്യപ്പെടുന്ന തുക ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിട്ടുണ്ട്.