സംസ്ഥാനത്ത് കൊവിഡ് മൂലം പൂട്ടിക്കിടക്കുന്ന ഡ്രൈവിംഗ് സ്കൂളുകള്‍ നാളെ മുതല്‍ തുറക്കും. ഡ്രൈവിംഗ് ടെസ്റ്റുകളും പരിശീലനവും ജൂലൈ 19 മുതല്‍ പുനരാരംഭിക്കുന്ന തീരുമാനം ഗതാഗത മന്ത്രി ആന്റണി രാജുവാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. പ്രോട്ടോകോള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് വേണം ടെസ്റ്റും പരിശീലനവും നടത്തേണ്ടതെന്നുമാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
ഡ്രൈവിങ് പരിശീലന വാഹനത്തില്‍ ഇന്‍സ്ട്രക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കുകയുള്ളൂ. മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സ്ഥലങ്ങളില്‍ ബന്ധപ്പെട്ട ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിക്കുക.
ഓരോ സ്ഥലത്തും ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിക്കുന്ന തീയതികള്‍ അതാത് ആര്‍ടിഒ സബ് ആര്‍ടിഒകളുമായി ബന്ധപ്പെട്ട് അറിയാവുന്നതാണ്. ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ തുടങ്ങിയതിനു പിന്നാലെയാണ് ഡ്രൈവിംഗ് ടെസ്റ്റുകളും പരിശീലനവും പുനഃരാരംഭിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.