ശാന്തൻപ്പാറയിലെ മലനിരകൾക്ക് നീലിമയാർന്ന വശ്യതയേകി നീലക്കുറിഞ്ഞി പൂത്തിരിക്കുകയാണ്. ഇടുക്കി ജില്ലയിലെ രാജകുമാരി ശാന്തൻപ്പാറ പത്തേക്കറിനും കിഴക്കാദി മലയ്ക്കും ഇടയിലുള്ള രണ്ടേക്കറിൽ അധികം വരുന്ന പുൽമേട്ടിലാണ് നീല വസന്തം. കൊവിഡ് കാലത്ത് യാത്രകൾക്ക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഈ നയനവിസ്മയം ആസ്വദിക്കാൻ സഞ്ചാരികൾക്ക് പറ്റാത്ത അവസ്ഥയാണിപ്പോൾ. കൊവിഡ് മാർഗ നിർദേശങ്ങൾ പാലിച്ച് മാത്രമേ സഞ്ചാരികളെ കടത്തി വിടുവെന്ന് പോലീസ് അറിയിച്ചു.
മഴക്കാലത്തെ സ്വാഗതം ചെയ്താണ് കിഴക്കാദി മലകളില്‍ നീലക്കുറിഞ്ഞി വസന്തം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് മഴ കുറവായതിനാല്‍ കുറിഞ്ഞി പൂക്കള്‍ 25 മുതല്‍ 30 ദിവസം വരെ നില്‍ക്കുമെന്നാണ് കരുതപ്പെടുന്നത്. 25 സെമി മുതല്‍ 25 സെമീ വരെ ഉയരമുള്ള കുറിഞ്ഞി ചെടികളാണ് പൂത്തിരിക്കുന്നത്.
വർണ്ണ വിസ്മയം തീർത്ത നീലക്കുറിഞ്ഞി തളിരിടുമ്പോൾ ഇത് കാണാനായി കാഴ്ചക്കാർ ഇല്ലാത്ത അവസ്ഥയാണിപ്പോൾ. കൊവിഡ് പ്രതിസന്ധി ഇല്ലായിരുന്നെങ്കിൽ ശാന്താണപ്പാറയിലെ ഈ നീല വസന്തം ആസ്വദിക്കാനും മനോഹര ചിത്രങ്ങൾ പകർത്തുവാനും നാനാ ഭാഗത്ത് നിന്നും സഞ്ചാരികൾ ഇവിടേക്ക് എത്തിയേനെ. പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി വസന്തത്തിന് രാജകുമാരി ശാന്തൻപ്പാറ സാക്ഷിയാവുകയാണ്.