Football Sports

കോപ്പ അമേരിക്ക ഫൈനല്‍; കാണികളെ പ്രവേശിപ്പിക്കില്ല

കോപ്പ അമേരിക്ക ഫൈനലിന് കാണികളെ പ്രവേശിപ്പിക്കില്ല. പത്ത് ശതമാനം കാണികളെ അനുവദിക്കണമെന്ന സംഘാടകരുടെ നിര്‍ദേശം ബ്രസീല്‍ സര്‍ക്കാര്‍ തളളി. ഫൈനലിന് മുന്‍പുളള അവസാന ഘട്ട ഒരുക്കത്തിലാണ് ടീമുകള്‍. അര്‍ജന്റീന-ബ്രസീല്‍ ഫൈനല്‍ മത്സരം കാണാന്‍ 10 ശതമാനം കാണികളെ അനുവദിക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ തളളിയത്. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ ചരിത്രഫൈനല്‍ നേരില്‍കാണാമെന്നുളള ആരാധകരുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.

അര്‍ജന്റീന നിരയില്‍ പരുക്കിന്റെ പിടിയിലുളള ക്രിസ്റ്റ്യന്‍ റൊമേറോ ഫൈനല്‍ കളിക്കാന്‍ സാധ്യതയില്ല. ക്വാര്‍ട്ടറിലും, സെമിയിലും മികച്ച പ്രകടനം പുറത്തെടുത്ത ഏയ്ഞ്ചല്‍ ഡിമരിയ ആദ്യ ഇലവനില്‍ എത്തും. ഗബ്രിയേല്‍ ജിസസിന് പകരം എവര്‍ട്ടണ്‍ സോറസ് തന്നെയാകും ബ്രസീല്‍ നിരയില്‍ കളിക്കുക.

കാസിമെറോയുടെ ശക്തമായ മാര്‍ക്കിങ്ങില്‍ നിന്ന് വെട്ടിഒഴിയാന്‍ മെസിക്ക് കഴിയുമോ എന്നാതായിരിക്കും ഫൈനലില്‍ നിര്‍ണായകമാവുക. അര്‍ജന്റീനയെന്നാല്‍ മെസി മാത്രമല്ലയെന്നാണ് കാസിമെറോയുടെ മുന്നറിയിപ്പ്. മെസിയെ ആരാധിക്കുന്നുണ്ടെങ്കിലും കീരീടം തങ്ങള്‍ തന്നെ ഉയര്‍ത്തുമെന്നും കാസിമെറോ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം ഫൈനലില്‍ ഏകപക്ഷീയമായ അഞ്ച് ഗോളിന് ബ്രസീല്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തുമെന്ന് പ്രസിഡന്‍ഡ് ജെയര്‍ ബോല്‍സനാരോ പ്രതികരിച്ചു.

കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനല്‍ നാളെ നടക്കും. മുന്നാം സ്ഥാനത്തിനുളള പോരാട്ടത്തില്‍ കൊളംബിയ-പെറുവിനെ നേരിടും. അര്‍ജന്റീനയ്‌ക്കെതിരെ ഷൂട്ടൗട്ടിലാണ് കൊളംബിയ പരാജയപ്പെട്ടത്. ബ്രസീലിനെതിരെ മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ഏകപക്ഷീയമായ ഒരു ഗോളിന് പെറു തോല്‍ക്കുകയായിരുന്നു. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30നാണ് മത്സരം.