ട്വിറ്ററിനെതിരെ കേന്ദ്രസർക്കാർ വീണ്ടും രംഗത്ത്. രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ട്വിറ്റർ തയ്യാറാകുന്നില്ലെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. ഡൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാരിന്റെ കുറ്റപ്പെടുത്തൽ.
നിയമം നിഷ്കർഷിക്കുന്ന സംവിധാനങ്ങളില്ലാതെ ട്വിറ്ററിന്റെ പ്രവർത്തനം അനുവദിക്കില്ല. ഐ.ടി ഭേദഗതി നിയമം അനുസരിച്ചുള്ള ഉദ്യോഗസ്ഥ നിയമനം കബളിപ്പിക്കാനുള്ള ശ്രമമാണ്. നിയമിച്ചതായി ട്വിറ്റർ അവകാശപ്പെട്ട ഉദ്യോഗസ്ഥരെല്ലാം രാജിവച്ചുവെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
ട്വിറ്ററിനെതിരെ കേസെടുക്കാൻ കശ്മീർ പൊലീസിനോട് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മിഷനും രംഗത്തെത്തി. കുട്ടികൾ ഭീകരപ്രവർത്തനം നടത്തുന്ന തരത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെതിരെ കേസെടുക്കണമെന്നും ദേശീയ ബാലാവകാശ കമ്മിഷൻ നിർദേശിച്ചു. ട്വിറ്റർ ഇന്ത്യ എം.ഡിക്കെതിരെയും പോളിസി മാനേജർക്കെതിരെയും കേസെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.