മരംമുറിക്കൽ വിവാദവുമായി ബന്ധപ്പെട്ട രേഖകളും ഉത്തരവുകളും വിവരാവകാശ പ്രകാരം നൽകിയ ഉദ്യോഗസ്ഥക്കെതിരെ നടപടി. റവന്യൂവകുപ്പിലെ അണ്ടർ സെക്രട്ടറിയോട് അവധിയിൽ പോകാൻ പ്രിൻസിപ്പൽ സെക്രട്ടറി വാക്കാൽ നിർദേശിച്ചു. അതിനിടെ, വിവിധ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ട് പ്രത്യേക സംഘത്തിന് കൈമാറാൻ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടു
റവന്യൂവകുപ്പിലെ മുഖ്യ വിവരാവകാശ ഓഫീസർ കൂടിയായ അണ്ടർ സെക്രട്ടറിയാണ് വകുപ്പുമായി ബന്ധപ്പെട്ട ആർ ടി ഐ അപേക്ഷകൾക്ക് മറുപടി നൽകുന്നത്. മുട്ടിൽ മരംമുറിക്കലുമായി ബന്ധപ്പെട്ട നിരവധി അപേക്ഷകളാണ് വകുപ്പിലെത്തുന്നത്. ഇതിൽ, വിവാദ ഉത്തരവിന് പിന്നിൽ മുൻ റവന്യൂമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന കുറിപ്പുകളും രേഖകളും ഇന്നലെ പുറത്തുവന്നിരുന്നു. ഈ വിവരങ്ങൾ നൽകിയതിനാണ് അണ്ടർ സെക്രട്ടറിയോട് അവധിയിൽ പോകാൻ പ്രിൻസിപ്പൽ സെക്രട്ടറി വാക്കാൽ നിർദേശിച്ചിരിക്കുന്നത്. ശാസനക്ക് പുറമേ, വകുപ്പ് മാറ്റുമെന്ന മുന്നറിയിപ്പും ഉദ്യോഗസ്ഥക്ക് നൽകിയിട്ടുണ്ട്.
പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശ പ്രകാരം ഉദ്യോഗസ്ഥ രണ്ടുമാസത്തെ അവധിക്ക് അപേക്ഷയും നൽകി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവധി അപേക്ഷ. അതേസമയം, മരംമുറിക്കൽ വിവാദത്തിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടന്ന അന്വേഷണ റിപ്പോർട്ടുകൾ പ്രത്യേക സംഘത്തിന് കൈമാറാൻ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടു. പല അന്വേഷണങ്ങൾ നടക്കുന്നത് പ്രത്യേക സംഘത്തിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് മേധാവിയാണ് സർക്കാരിനെ സമീപിച്ചത്. തുടരന്വേഷണ കാര്യത്തിൽ പ്രത്യേകസംഘം തീരുമാനമെടുക്കും. അതിനിടെ, വിവാദ മരംമുറിക്കലിൽ, ഉദ്യോഗസ്ഥരെ പഴിചാരി വനം – റവന്യു മന്ത്രിമാർ രംഗത്തെത്തി. വൻതോതിൽ മരങ്ങൾ മുറിച്ചവർക്കു നേരെ ഉദ്യോഗസ്ഥർ കണ്ണടച്ചുവെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ കുറ്റപ്പെടുത്തി.
കർഷകരെ സഹായിക്കാൻ ഉള്ള ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തുവെന്ന് മന്ത്രി കെ രാജനും പ്രതികരിച്ചു.