സി. കെ ജാനുവിന് ബിജെപി കോഴ നൽകിയെന്ന ആരോപണത്തിൽ ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടിന്റെ മൊഴി രേഖപ്പെടുത്തുന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് പ്രസീതയുടെ മൊഴിയെടുക്കുന്നത്. കണ്ണൂർ പൊലീസ് സെന്ററിൽ വച്ചാണ് മൊഴിയെടുപ്പ്. പ്രസീതയിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
സി. കെ ജാനുവിനെ എൻഡിഎയിലേയ്ക്ക് എത്തിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കോഴ നൽകിയതായാണ് പ്രസീത അഴീക്കോടിന്റെ ആരോപണം. മാർച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് പത്ത് ലക്ഷവും മാർച്ച് 26ന് ബത്തേരി മണിമല ഹോംസ്‌റ്റേയിൽവച്ച് 25 ലക്ഷം രൂപയും ജാനുവിന് കൈമാറിയതായാണ് ആരോപണം. കെ. സുരേന്ദ്രനുമായുള്ള ശബ്ദരേഖയും പ്രസീത പുറത്തുവിട്ടിരുന്നു. കേസിൽ സി.കെ ജാനുവിന്റെയോ കെ. സുരേന്ദ്രന്റെയോ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ഇവരെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.