Cricket Sports

ഇംഗ്ലണ്ട്-ഇന്ത്യ വനിതാ ഏകദിന പരമ്പര; ഇന്ന് രണ്ടാം മത്സരം

ഇംഗ്ലണ്ട്-ഇന്ത്യ വനിതാ ഏകദിന പരമ്പരയിൽ ഇന്ന് രണ്ടാം മത്സരം. ഡേനൈറ്റ് മത്സരമാണ് ഇന്ന് നടക്കുക. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് ടോൺടണിലെ കൂപ്പർ അസോസിയേറ്റ്സ് കൗണ്ടി ഗ്രൗണ്ടിലാണ് മത്സരം. ആദ്യ മത്സരത്തിൽ ദയനീയമായി പരാജയപ്പെട്ട ഇന്ത്യക്ക് ഈ മത്സരത്തിൽ ജയം അനിവാര്യമാണ്. ഈ കളി കൂടി പരാജയപ്പെട്ടാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാവും.

ആദ്യ മത്സരത്തിൽ ഇന്ത്യയുടെ മെല്ലെപ്പോക്ക് വലിയ ചർച്ച ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് വെറും 201 റൺസ് മാത്രം സ്കോർ ചെയ്ത ഇന്ത്യ ഇന്ന് അത് പരിഹരിക്കാനുള്ള ശ്രമവുമായാവും ഇറങ്ങുക. 181 ഡോട്ട് ബോളുകളാണ് ഇന്ത്യൻ ഇന്നിംഗ്സിൽ ഉണ്ടായിരുന്നത്. ആകെ 50 ഓവറിൽ 30 ഓവറുകൾ ഡോട്ട് ബോളായി. ബാക്കി 20 ഓവറിലാണ് ഇന്ത്യ 201 റൺസ് നേടിയത്. മറുപടി ബാറ്റിംഗിൽ വെറും 35ആം ഓവറിൽ ഇംഗ്ലണ്ട് വിജയിച്ചുകയറി.

സീനിയർ താരം പൂനം റാവത്തിൻ്റെ മെല്ലെപ്പോക്ക് ഇന്ത്യൻ ഇന്നിംഗ്സിനെ വല്ലാതെ ബാധിച്ചിരുന്നു. മിതാലിയും പൂനവും ചേർന്നുള്ള 56 റൺസ് കൂട്ടുകെട്ടുയർത്താൻ വേണ്ടിവന്നത് 15 ഓവറാണ്. മിതാലി ആദ്യ ഘട്ടത്തിൽ ഒരുപാട് പന്തുകൾ പാഴാക്കിയെങ്കിലും പിന്നീട് സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തിയിരുന്നു. 108 പന്തുകളിൽ 72 റൺസെടുത്ത് മിതാലി ടോപ്പ് സ്കോറർ ആയെങ്കിലും ഈ ഇന്നിംഗ്സും അത്ര മികച്ച ഒന്നായിരുന്നില്ല. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് മത്സരത്തിനു ശേഷം മിതാലി അറിയിക്കുകയും ചെയ്തു.

സ്കോറിംഗ് റേറ്റ് ഉയർത്തുക എന്നത് അഡ്രസ് ചെയപ്പെട്ടതിനാൽ ടീമിൽ ചില മാറ്റങ്ങൾ കണ്ടാലും അത്ഭുതപ്പെടാനില്ല. പൂനം റാവത്തിനു പകരം യുവതാരം ജമീമ റോഡ്രിഗസ് കളിച്ചേക്കും. ടെസ്റ്റ് മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ സ്നേഹ് റാണയ്ക്കും ടീമിൽ ഇടം ലഭിക്കാനിടയുണ്ട്. ശിഖ പാണ്ഡെയ്ക്ക് പകരമാവും സ്നേഹ് എത്തുക.