പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഭാഗമാകണമെന്ന് ശിവസേന. കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി പതിവായി വിമർശനം ഉന്നയിക്കാറുണ്ട്. എന്നാൽ അത് ട്വിറ്ററിലാണെന്നും ശിവസേന അറയിച്ചു. പാര്‍ട്ടി മുഖപത്രമായ സാമ്നയിലായിരുന്നു ശിവസേനയുടെ പ്രതികരണം.
പ്രതിപക്ഷ ഐക്യത്തിന് ചുക്കാന്‍ പിടിക്കുന്ന ശരദ് പവാറുമായി കൈകോര്‍ക്കാന്‍ രാഹുല്‍ തയ്യാറാകണമെന്നും എഡിറ്റോറിയലില്‍ പറയുന്നു. പവാറിന് എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളേയും ഒന്നിച്ചുചേര്‍ക്കാനുള്ള കഴിവുണ്ടെന്നും സാമ്ന നിരീക്ഷിച്ചു.
രാജ്യത്തെ സ്ഥിതിഗതികൾ തന്റെ കൈയ്യിൽ നിന്നും വഴുതി തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മനസിലായി തുടങ്ങി. കേന്ദ്രത്തിനെതിരെ ജനങ്ങളുടെ മനോഭാവം മാറുന്നുണ്ടെങ്കിലും, അത് മുതലെടുക്കാൻ പ്രതിപക്ഷത്തിന് കഴിയില്ലെന്ന് ബിജെപി കണക്കുകൂട്ടുന്നു. പ്രതിപക്ഷത്തിലെ വിയോജിപ്പാണ് അതിന് കാരണമെന്നും നിലവില്‍ ദേശീയാടിസ്ഥാനത്തില്‍ കാര്യപ്രാപ്തിയുള്ള ഒരു പ്രതിപക്ഷനിരയില്ലെന്നും എഡിറ്റോറിയല്‍ പറയുന്നു.