Kerala

കെപിസിസിയുടെ നിര്‍ണായക രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

പുനസംഘടനാ മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കെപിസിസിയുടെ നിര്‍ണായക രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. ജംബോ കമ്മിറ്റികള്‍ ഒഴിവാക്കാനുള്ള നീക്കത്തോട് ഗ്രൂപ്പ് നേതാക്കള്‍ എത്രമാത്രം സഹകരിക്കുമെന്നതാണ് ശ്രദ്ധേയമാകുക.

കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ സുധാകരന് എ,ഐ ഗ്രൂപ്പുകളുടെ പിന്തുണയുണ്ടോ എന്ന് ഇന്നറിയാം. കെപിസിസി, ഡിസിസി പുനസംഘടനയാണ് യോഗത്തിന്റെ പ്രധാന അജണ്ട. ജംബോ കമ്മിറ്റികള്‍ വേണ്ടെന്ന നിലപാടാണ് പൊതുവിലുള്ളത്. നിര്‍വാഹക സമിതിയടക്കം 51 പേര്‍ എന്നതാണ് കെ സുധാകരന്റെ താത്പര്യം. ഇക്കാര്യത്തില്‍ എത്രകണ്ട് സമവായം സാധ്യമാകുമെന്നതില്‍ നേതാക്കള്‍ക്കും ആശങ്കയുണ്ട്.

ഡിസിസികളിലും വലിയ പൊളിച്ചെഴുത്താണ് സുധാകരനാഗ്രഹിക്കുന്നത്. താഴേത്തട്ടില്‍ കുടുംബയൂണിറ്റുകള്‍ ആരംഭിക്കുക, നിശ്ചിത എണ്ണം വീടുകള്‍ക്ക് ഒരു യൂണിറ്റ് എന്ന ആശയങ്ങളും സുധാകരനുണ്ട്. ഇക്കാര്യങ്ങളില്‍ യോജിപ്പിലെത്താന്‍ രാഷ്ട്രീയകാര്യ സമിതിക്ക് മുന്നോടിയായി സുധാകരന്‍ അനൗദ്യോഗികമായി ചര്‍ച്ച നടത്തും. ഒരാള്‍ക്ക് ഒരു പദവി, പ്രായപരിധി എന്നിവയില്‍ എന്തുനിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധേയമാണ്. ചര്‍ച്ചകള്‍ വൈകാതെ പൂര്‍ത്തിയാക്കി ഉടന്‍ പുനസംഘടന നടപ്പിലാക്കണമെന്നാണ് നേതൃത്വത്തിന്റെ ലക്ഷ്യം.