സീറ്റ് ലഭിക്കാത്തതില്‍ പരസ്യമായി നീരസം പ്രകടിപ്പിച്ച് എ.പി അബ്ദുളളക്കുട്ടി. ഉറങ്ങിക്കിടന്ന ആളെ വിളിച്ചുണര്‍ത്തി സീറ്റില്ലെന്ന് പറയുമ്പോള്‍ ആര്‍ക്കും വിഷമമുണ്ടാകുമെന്നും കോണ്‍ഗ്രസില്‍ താനിപ്പോഴും മൂന്നണ മെമ്പര്‍ മാത്രമാണെന്നും അബ്ദുളളക്കുട്ടി മീഡിയവണ്ണിനോട് പറഞ്ഞു. ഇന്നലെ വി.എം സുധീരനെയും അബ്ദുളളക്കുട്ടി ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സതീശന്‍ പാച്ചേനിക്ക് വേണ്ടി സിറ്റിങ് സീറ്റ് ഒഴിഞ്ഞ് കൊടുത്ത അബ്ദുളളക്കുട്ടിയെ ഇത്തവണ ലോക്‌സഭയിലേക്ക് പരിഗണിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. വടകര, കണ്ണൂര്‍, കാസര്‍കോഡ് മണ്ഡലങ്ങളിലൊന്നില്‍ അബ്ദുളളക്കുട്ടി പ്രതീക്ഷ വെക്കുകയും ചെയ്തു. മത്സരത്തിന് തയ്യാറാകാന്‍ ചില നേതാക്കള്‍ അബ്ദുളളക്കുട്ടിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അവസാനലാപ്പില്‍ അബ്ദുളളക്കുട്ടി തഴയപ്പെട്ടു.
നിലവില്‍ പാര്‍ട്ടിയുടെ ജില്ലാതലത്തില്‍ പോലും അബ്ദുളളക്കുട്ടിക്ക് ഭാരവാഹിത്വവുമില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ്് രൂപീകരിച്ച സമിതികളില്‍ നിന്നും അബ്ദുളളക്കുട്ടി തഴയപ്പെട്ടു. ഇന്നലെ നടന്ന കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബഹിഷ്‌കരിച്ച അബ്ദുളളക്കുട്ടി പിന്നാലെ വി.എം സുധീരനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് ഏറെ വിവാദമാവുകയും ചെയ്തിരുന്നു.