Kerala

മരംമുറിക്കല്‍ കേസ് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍; ജൈവ വൈവിധ്യ നിയമം ചുമത്തി കേസ്

മുട്ടില്‍ മരംമുറിക്കല്‍ കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ ജാമ്യ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

കോടിക്കണക്കിന് രൂപയുടെ മരംകൊള്ളയാണ് നടന്നതെന്നും ഉന്നതര്‍ക്ക് അടക്കം സംഭവത്തില്‍ പങ്കുണ്ടെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയാണ് മരങ്ങള്‍ മുറിച്ചതെന്നും റവന്യൂ ഉദ്യോഗസ്ഥരുടെയും അനുമതി വാങ്ങിയിരുന്നെന്നും മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെ ഒഫെന്‍സ് റിപ്പോര്‍ട്ടിന്മേലെടുത്ത കേസ് നിലനില്‍ക്കില്ലെന്നുമാണ് പ്രതികളുടെ വാദം. പ്രതികളില്‍ ഒരാളായ റോജി അഗസ്റ്റിന് ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപേക്ഷയും ഇതിനൊപ്പം പരിഗണിക്കും. നിലവില്‍ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട 39 കേസുകളാണ് മൂന്ന് പ്രതികള്‍ക്കുമെതിരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അതിനിടെ പ്രതികള്‍ക്കെതിരെ ജൈവ വൈവിധ്യ നിയമം ചുമത്തി വനംവകുപ്പ് കേസെടുത്തു. ഇതോടെ ജാമ്യം ലഭിക്കല്‍ അത്ര എളുപ്പമാകില്ല. ആദിവാസി ഭൂവുടമകള്‍ ഉള്‍പ്പെടെ ആകെ 67 പേരാണ് വനംവകുപ്പിന്റെ പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ ഭൂവുടമകളില്‍ നിന്നും അനധികൃതമായി മരം വാങ്ങി മുറിച്ചുകടത്തിയ മുഖ്യപ്രതികള്‍ക്കെതിരെയാണ് വനംവകുപ്പ് ജൈവവൈവിധ്യ നിയമപ്രകാരം കേസെടുത്തത്.