India

കശ്മീരിൽ മൂന്ന് ലഷ്കറെ ത്വയ്ബ ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ മൂന്ന് ലഷ്കറെ ത്വയ്ബ ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ഭീകര സംഘടനയിലെ പ്രധാനി മുദസിർ പണ്ഡിറ്റും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.\

സോപോറില്‍ ഗുണ്ഡ് ബ്രാത്തിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കശ്മീര്‍ ഐ.ജി വിജയ് കുമാര്‍ അറിയിച്ചു. രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

തീവ്രവാദവുമായി ബന്ധപ്പെട്ട മറ്റ് നിരവധി കുറ്റകൃത്യങ്ങൾക്ക് പുറമെ മൂന്ന് പോലീസുകാരെയും രണ്ട് കൗൺസിലർമാരെയും രണ്ട് സിവിലിയന്മാരെയും കൊലപ്പെടുത്തിയ സംഭവത്തിൽ പണ്ഡിറ്റ് ഉൾപ്പെട്ടിട്ടുണ്ടെന്ന് കശ്മീരിലെ പോലീസ് മേധാവി (ഐ.ജി) വിജയ് കുമാർ പറഞ്ഞു.

പതിനെട്ട് കേസുകളാണ് പണ്ഡിറ്റിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരു വീട്ടിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ഇന്നലെ രാത്രി സുരക്ഷാ സേന സോപോറിലെ തന്ത്രപ്രോറ ബ്രത്ത് ഗ്രാമത്തിൽ തെരച്ചിൽ ആരംഭിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ, സൈന്യം, ജെ & കെ പോലീസ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർ‌പി‌എഫ്) എന്നിവയുടെ സംയുക്ത സംഘങ്ങൾ സോപോറിൽ ജൂൺ 12 ന് നടന്ന ആക്രമണത്തെ തുടർന്ന് ക്യാംപ് ചെയ്തു വരികയായിരുന്നു. അന്നത്തെ ആക്രമണത്തിൽ രണ്ട് പൊലീസുകാരും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടു. മാർച്ച് 29 ന് സോപോർ മുനിസിപ്പൽ കൗൺസിലിന് നേരെ നടന്ന ആക്രമണത്തിൽ രണ്ട് കൗൺസിലർമാരെയും ഒരു പോലീസുകാരനെയും തീവ്രവാദികൾ കൊലപ്പെടുത്തിയിരുന്നു.

തിങ്കളാഴ്ച രാവിലെ അവസാനിച്ച ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റു. രണ്ട് എകെ 47 റൈഫിളുകൾ, എകെ 56 റൈഫിൾ എന്നിവയും തീവ്രവാദികളുടെയും മൃതദേഹങ്ങൾക്ക് അരികിൽ നിന്ന് കണ്ടെടുത്തു.