Cricket India Sports

ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് 10 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ബിസിസിഐ

ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് 10 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ബിസിസിഐ. ഇന്നലെ നടന്ന അപക്സ് യോഗത്തിലാണ് ബിസിസിഐയുടെ തീരുമാനം. ജപ്പാൻ ആണ് ഇത്തവണ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നത്. ജൂലൈ 23നാണ് കായിക മാമാങ്കം ആരംഭിക്കുക.

അതേസമയം, ഒളിമ്പിക്സിനെത്തുന്ന ഇന്ത്യൻ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഏർപ്പെടുത്തിയിരിക്കുന്നത് കടുത്ത നിയന്ത്രണങ്ങൾ ആണ്. ഇന്ത്യ ഉൾപ്പെട്ടിരിക്കുന്ന ഗ്രൂപ്പ് ഒന്നിലെ മറ്റ് അഞ്ച് രാജ്യങ്ങൾക്കും സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചില രാജ്യങ്ങൾക്ക് മാത്രമായി മാത്രമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രതിഷേധം അറിയിച്ചു. ജപ്പാൻ ഭരണകൂടത്തിൻ്റേത് വിവേചനമാണെന്ന് ഐഓഎ ആരോപിച്ചു.

ഗ്രൂപ്പ് ഒന്നിൽ അഫ്ഗാനിസ്ഥാൻ, മാൽദീവ്സ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവർക്കൊപ്പമാണ് ഇന്ത്യ. ജപ്പാനിലേക്ക് പുറപ്പെടുന്നതിനു മുൻപ് ഒരാഴ്ച ദിവസവും കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് നിർദ്ദേശങ്ങളിൽ പറയുന്നു. ജപ്പാനിലെത്തി ആദ്യത്തെ മൂന്ന് ദിവസം മറ്റ് രാജ്യങ്ങളിലെ ഒരാളുമായും ഇടപഴകരുത്. ജപ്പാനിലേക്ക് പുറപ്പെടുന്നതിനു മുൻപുള്ള ഏഴ് ദിവസം സാമൂഹിക അകലം കൃത്യമായി പാലിക്കണം. ഒളിമ്പിക്സിനിടെ എല്ലാ ദിവസവും കൊവിഡ് പരിശോധനയുണ്ടാവും. അവരവരുടെ മത്സരത്തിന് അഞ്ച് ദിവസം മുൻപ് മാത്രമേ ഗെയിംസ് വില്ലേജിൽ പ്രവേശിക്കാവൂ എന്നും നിർദ്ദേശങ്ങളിൽ പറയുന്നു.